യുഎസ്സും ഖത്തറുമായി 42 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഖത്തർ സന്ദർശന വേളയിലാണ് നൂതന അമേരിക്കൻ സൈനിക ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള പ്രതിരോധ കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. കരാറിന്റെ ഭാഗമായി യുഎസ് നിർമ്മിത ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് ( THAAD ) സംവിധാനം ഖത്തർ വാങ്ങും. ഇത് ഖത്തറിന്റെ മിസൈൽ വ്യോമ പ്രതിരോധ ശേഷികളിലെ സുപ്രധാന ചുവടുവെയ്പ്പാണ്. നൂതന റഡാർ സംവിധാനങ്ങൾ, ഇന്റർസെപ്റ്റർ മിസൈലുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സൗകര്യങ്ങൾ, ഖത്തരി പ്രതിരോധ ഉദ്യോഗസ്ഥർക്കുള്ള ദീർഘകാല പരിശീലന പരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് കരാർ.
ഖത്തറും അമേരിക്കയും തമ്മിലുള്ള വളരുന്ന പ്രതിരോധ ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ് കരാർ. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത താഡ്, ബാലിസ്റ്റിക് മിസൈലുകളെ അവയുടെ ടെർമിനൽ ഘട്ടത്തിൽ തടസ്സപ്പെടുത്താനും നശിപ്പിക്കാനും രൂപകൽപ്പന ചെയ്തിരിക്കുന്ന മൊബൈൽ ഗ്രൗണ്ട് അധിഷ്ഠിത മിസൈൽ പ്രതിരോധ പ്ലാറ്റ്ഫോമാണ്. കൈനറ്റിക് എനർജി ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. പരമ്പരാഗത സ്ഫോടനാത്മക വാർഹെഡുകളിൽ നിന്ന് വ്യത്യസ്തമായി, താഡ് ഹിറ്റ്-ടു-കിൽ സമീപനമാണ് പിന്തുടരുന്നത്.
നിരവധി നൂതന സാങ്കേതിക സവിശേഷതകളാണ് താഡ് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 200 കിലോമീറ്റർ വരെ ഫലപ്രദമായ ഇന്റർസെപ്റ്റ് പരിധിയും 150 കിലോമീറ്റർ വരെ ഉയരത്തിൽ ഇടപെടൽ ശേഷിയും ഈ സിസ്റ്റത്തിനുണ്ട്. താഡ് ഇന്റർസെപ്റ്റർ മാക് 8-ൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നു, ഇത് കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ നീങ്ങുന്ന ഭീഷണികളെ നേരിടാൻ സംവിധാനത്തെ പ്രാപ്തമാക്കുന്നു. സിസ്റ്റത്തിന്റെ റഡാറായ AN/TPY-2, ലോകത്തിലെ ഏറ്റവും ശക്തമായ എക്സ്-ബാൻഡ് റഡാറുകളിൽ ഒന്നാണ്. 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിലുള്ള ലക്ഷ്യങ്ങൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇവയ്ക്കാകും.
President Trump announces a $42 billion defense agreement with Qatar, including the THAAD missile system, strengthening military ties and enhancing Qatar’s national security.