മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചിരിക്കുകയാണ്. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ അദ്ദേഹത്തിന്റെ എല്ലുകളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബൈഡന്റെ ഓഫീസിൽ നിന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. 82കാരനായ ബൈഡനെ മൂത്ര സംബന്ധമായ രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച ഫിലാഡൽഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസൺ സ്കോറിൽ 10ൽ ഒൻപതാണ് ജോ ബൈഡന്റെ രോഗാവസ്ഥ. ഇത് കാൻസർ വളരെ വഷളായ നിലയിലാണ് എന്നാണ് വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട് അനുസരിച്ച് പുരുഷന്മാരിൽ എറ്റവും സാധാരണമായി കാണുന്ന കാൻസർ ബാധയിൽ രണ്ടാം സ്ഥാനമാണ് പ്രോസ്റ്റേറ്റ് കാൻസറിനുള്ളത്. പുരുഷ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസർ 60 വയസ്സ് കഴിഞ്ഞ പുരുഷൻമാരിലാണ് സാധാരണയായി കണ്ടു വരാറുള്ളത്. 40-60 വയസ്സിനിടയിൽ പ്രായമുള്ളവർക്കും പ്രോസ്റ്റേറ്റ് കാൻസർ വരാമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.

ചിലയിനം പ്രോസ്റ്റേറ്റ് കാൻസർ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ നിലനിൽക്കാമെന്ന് ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിൽ പറയുന്നു. ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാൽ ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാൻസറും തുടക്കത്തിൽ ലക്ഷണങ്ങൾ കാണിച്ചേക്കില്ല. പ്രോസ്റ്റേറ്റ് കാൻസർ കൂടുന്നതിന് അനുസരിച്ച് മൂത്ര തടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, മൂത്രത്തിൽ രക്തത്തിന്റെ അംശം, നട്ടെല്ലിനും അസ്ഥികൾക്കും വേദന, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ വന്നേക്കാം. രോഗലക്ഷണങ്ങൾ വിലയിരുത്തിയ ശേഷം ശാരീരിക പരിശോധന, രക്തപരിശോധന, സ്കാനിങ്, ബയോപ്സി എന്നിവയിലൂടെ രോഗനിർണയം സാധ്യമാകുക.
രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, അനുബന്ധ രോഗങ്ങൾ എന്നിവ വിലയിരുത്തിയാണ് പ്രോസ്റ്റേറ്റ് കാൻസറിന്റെ ചികിത്സ നിർണയിക്കുന്നത്. പ്രാരംഭദശയിലുള്ള കാൻസർ കീഹോൾ സർജറി, റോബോട്ടിക് സർജറി തുടങ്ങിയ ആധുനിക സാങ്കേതിക രീതികളിലൂടെ പൂർണമായും സുഖപ്പെടുത്താനാകും. ശസ്ത്രക്രിയ സാധ്യമല്ലാത്തവർക്ക് റേഡിയേഷൻ ചികിത്സയും നിലവിലുണ്ട്. കൂടിയ സ്റ്റേജിലുള്ള കാൻസർ ഹോർമോൺ ചികിത്സയിലൂടെ മാത്രമേ സുഖപ്പെടുത്താനോ തടുത്തുനിർത്താനോ സാധിക്കുകയുള്ളൂ.
Former US President Joe Biden diagnosed with prostate cancer. Learn about the symptoms, diagnosis, and treatment of prostate cancer, a common condition in older men.