ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന സ്പോർട്സ് താരങ്ങളിൽ ഒരാളാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. 2017ൽ, ഇന്റർനെറ്റ് സംരംഭകനും റെഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹാനിയനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ചേർന്ന് ഏതാണ്ട് 450 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. എന്നാൽ ഈ വമ്പൻ ആസ്തി ഉണ്ടെങ്കിലും മക്കളെ നല്ലവഴിക്ക് നടത്താനും, ലളിത ജീവിതം നയിക്കാനുമുള്ള പാഠങ്ങളിലൂടെയും ശീലങ്ങളിലൂടെയും മാതൃകയാകുകകയാണ് ഇവർ.
ഏഴു വയസ്സുകാരിയായ ഒളിംപിയയും, ഒരു വയസ്സുള്ള അഥീരയുമാണ് ദമ്പതികളുടെ മക്കൾ. ചെറുപ്പം മുതലേ കുഞ്ഞുങ്ങളെ പണത്തിന്റെ വില മനസ്സിലാക്കിച്ചാണ് തങ്ങൾ വളർത്തുന്നതെന്ന് അലക്സിസ് അടുത്തിടെ സമൂഹമാധ്യമ പോസ്റ്റിലൂടെ പറഞ്ഞു. വീട്ടിലെ കുഞ്ഞുകുഞ്ഞു ജോലികൾ ഒളിംപിയയെ കൊണ്ട് ഇപ്പോഴേ ചെയ്യിക്കാറുണ്ട്. പട്ടിക്ക് ഫുഡ് കൊടുക്കുക, ബെഡ് ഒരുക്കുക തുടങ്ങിയ ജോലികൾക്കായി അഞ്ച് ദിവസത്തേക്ക് ഏഴ് ഡോളർ അലവൻസും നൽകും. മുൻപ് ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യിക്കാനായിരുന്നു തീരുമാനം. എന്നാൽ സെറീന ഒളിംപിയയുടെ ‘വക്കീലായി വാദിച്ച്’ ഇത് അഞ്ചു ദിവസം ആക്കുകയായിരുന്നെന്നും അലക്സിസ് പാതി തമാശയായി പറയുന്നു.
എന്നാൽ തമാശയ്ക്ക് അപ്പുറം, അധ്വാനിച്ചാലേ ജീവിതത്തിൽ നേട്ടമുണ്ടാക്കാനാകൂ എന്ന വിലയേറിയ ജീവിതപാഠമാണ് മകളെ ഇതിലൂടെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
Discover how Serena Williams and Alexis Ohanian are teaching their daughters Olympia and Adira about the value of money, hard work, and financial responsibility through practical lessons like allowances for chores.