200 വർഷത്തോളം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു. രാജ്യത്തു നിന്നും ഒരുപാട് വിലകൂടിയ വസ്തുക്കൾ ബ്രിട്ടീഷ് ഭരണകൂടം അപഹരിച്ചു. വിധിയുടെ മധുരപ്രതികാരം എന്നപോലെ, വർഷങ്ങൾക്ക് ഇപ്പുറം ബ്രിട്ടനിലെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരനാണ്. സൺഡേ ടൈംസ് പ്രസിദ്ധീകരിച്ച സമ്പന്ന പട്ടികയിലാണ് ഗോപിചന്ദ് ഹിന്ദുജയും കുടുംബവും ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായത്. റിപ്പോർട്ട് പ്രകാരം £35.3 ബില്യൺ ആസ്തിയുള്ള കുടുംബത്തിന് ബ്രിട്ടീഷ് രാജാവിനേക്കാൾ പതിന്മടങ്ങ് സമ്പത്തുണ്ട്.
ഡേവിഡ്, സൈമൺ റൂപൻ കുടുംബത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ട്രക്കിങ്, ലൂബ്രിക്കന്റ്, ബാങ്കിങ്, കേബിൾ ടെലിവിഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് സമ്പന്നരിൽ ഒന്നാമതെത്തിയത്. മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജയുടെ മരണത്തെത്തുടർന്ന് 2023ലാണ് ഗോപിചന്ദ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തിയത്. ലണ്ടനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും വൻ സ്വാധീനമുള്ള ഗോപിചന്ദ് കുടുംബത്തിന് വൈറ്റ് ഹാളിലെ ഓൾഡ് വാർ ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന റാഫ്ൾസ് ലണ്ടൻ ഹോട്ടൽ അടക്കമുള്ള നിരവധി റിയൽ എസ്റ്റേറ്റ് സമ്പാദ്യങ്ങളുണ്ട്.

1958ൽ മുംബൈയിലെ ജയ്ഹിന്ദ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ഗോപിചന്ദ് ലണ്ടനിലെ റിച്ച്മണ്ട് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. അതിന് പിന്നാലെയാണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് എത്തുന്നത്. 1984ൽ ഹിന്ദുജ ഗ്രൂപ്പ് ഗൾഫ് ഓയിൽ ഏറ്റെടുത്തത് ഗോപീചന്ദിന്റെ നേതൃത്വത്തിലായിരുന്നു. തുടർന്ന് മൂന്നു വർഷങ്ങൾക്കുള്ളിൽ ഗ്രൂപ്പ് അശോക് ലെയ്ലാൻഡും ഏറ്റെടുത്തു. പ്രധാനമായും ലണ്ടൻ കേന്ദ്രീകരിച്ചാണ് ഗോപീചന്ദിന്റെ ബിസിനസ് സാമ്രാജ്യം. സഹോദരങ്ങളായ പ്രകാശ് മൊണാക്കോയിലേയും അശോക് മുംബൈയിലേയും ഇന്ത്യയിലേയും ബിസിനസ്സുകൾ നോക്കിനടത്തുന്നു.
നേരത്തെ ഹിന്ദുജ സഹോദരൻമാർക്കിടയിൽ സ്വത്തു തർക്കമുണ്ടായതിനെ തുടർന്ന് കുറച്ചുകാലം കമ്പനി വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ 2022ൽ പരാതികൾ പിൻവലിച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
Gopichand Hinduja and his family top The Times Rich List 2025, becoming Britain’s wealthiest with ₹33.67 lakh crore. Discover the Indian-origin family’s vast global empire and their journey to the top.