കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് നാവിക ഉപകരണങ്ങൾക്കായി 20.67 കോടി രൂപയുടെ ഓർഡർ നേടി മുംബൈ ആസ്ഥാനമായുള്ള ലോയ്ഡ്സ് എഞ്ചിനീയറിംഗ്. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ നവീന മിസൈൽ വെസ്സലുകൾക്കുള്ള ഫിൻ സ്റ്റെബിലൈസറുകളാണ് ലോയ്ഡ്സ് നൽകുക.

കഴിഞ്ഞ 14 മാസത്തിനുള്ളിൽ, ലോയ്ഡ്സ് എഞ്ചിനീയറിംഗിന് പ്രതിരോധ ഉൽപ്പന്നങ്ങൾക്കായി 130 കോടിയിലധികം രൂപയുടെ ഓർഡറുകൾ ലഭിച്ചതായി ലോയ്ഡ്സ് എഞ്ചിനീയറിംഗ് ഡയറക്ടർ ശ്രീകൃഷ്ണ ഗുപ്ത പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ചിലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഈ മേഖലകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് പ്രതിരോധ ബിസിനസ്സുകൾ പ്രയോജനപ്പെടുത്തുകയാണ് ലോയ്ഡ്സ് എഞ്ചിനീയറിംഗിന്റെ ലക്ഷ്യം. ശക്തമായ സാമ്പത്തിക മൂല്യം നൽകുന്നതിനു പുറമേ, ഈ കരാറുകൾ കമ്പനി പോർട്ട്ഫോളിയോയിലേക്ക് പുതിയ ക്ലയന്റുകളെ പരിചയപ്പെടുത്തി സുസ്ഥിര വരുമാന സ്രോതസ്സുകൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കപ്പലിന്റെയും പ്ലാറ്റ്ഫോമുകളുടെയും സ്ഥിരത നിലനിർത്തുന്നതിനായി കപ്പലുകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളാണ് ഫിൻ സ്റ്റെബിലൈസറുകൾ. കപ്പലിനെയും ഹെലികോപ്റ്ററുകളുടെ ലാൻഡിംഗ് പ്ലാറ്റ്ഫോമുകളെയും സ്ഥിരപ്പെടുത്തുന്നതിനായി പ്രതിരോധം, ചരക്ക്, സിവിലിയൻ കപ്പലുകളിൽ ഇവ ഉപയോഗിക്കുന്നു. അതേസമയം, മിസൈൽ വെസ്സലുകൾ നിർമ്മിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്യാർഡ് 2023ൽ ഇന്ത്യൻ നാവികസേനയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. 9804 കോടി രൂപ ചിലവു വരുന്ന വമ്പൻ കരാറാണിത്.
Lloyds Engineering secures ₹20.67 crore order from Cochin Shipyard to supply fin stabilizers for Indian Navy’s missile vessels under a major defence contract