ലോകത്തിലെ ഒന്നാം നമ്പർ ഗോൾഫ് താരമാണ് സ്കോട്ടി ഷെഫ്ലർ. റാങ്കിങ്ങിൽ മാത്രമല്ല സമ്പാദ്യത്തിന്റെ കാര്യത്തിലും ഷെഫ്ലർ മുൻപന്തിയിൽ തന്നെയാണ്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ആസ്തി ഏതാണ്ട് 110 മില്യൺ ഡോളറാണ്.
2024ൽ മാത്രം ഏഴ് പിജിഎ ടൂർ വിജയങ്ങൾ, ഫെഡെക്സ് കപ്പ്, ഒളിംപിക്സ് സ്വർണം എന്നിവയാണ് സ്കോട്ടി ഷെഫ്ലറിന്റെ നേട്ടങ്ങൾ. ഇവയിൽനിന്നുള്ള സമ്മാനത്തുകയിൽ നിന്നും മാത്രം താരം 63 മില്യൺ ഡോളർ സമ്പാദിച്ചു എന്നാണ് കണക്ക്. ഇതോടെ ഫോർബ്സ് പട്ടിക അനുസരിച്ച് ലോകത്തെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന 14ആമത് കായിക താരമായി അദ്ദേഹം മാറി. 2024 മെയ് 1 മുതൽ 2025 മെയ് 1 വരെ മാത്രം താരം ഏതാണ്ട് 90 മില്യൺ ഡോളർ സമ്പാദിച്ചതായി ഫോർബ്സ് പട്ടിക വ്യക്തമാക്കുന്നു.
ഗോൾഫിനു പുറമേ നിരവധി ബിസിനസ് സംരംഭങ്ങളിൽ നിന്നും ഷെഫ്ലർ മില്യൺ കണക്കിനു ഡോളർ സമ്പാദിക്കുന്നു. ടെക്സാസ് റേഞ്ചേർസ് എന്ന പിക്ക്ൾ ബോൾ ടീമിൽ നിക്ഷേപമുള്ള അദ്ദേഹം ഡല്ലാസിലെ ഫ്രൻഡ് ബേർണർ എന്ന റെസ്റ്ററന്റ് ഉടമ കൂടിയാണ്. ഇതിനു പുറമേ ബ്രാൻഡിങ്ങിലൂടെയും അദ്ദേഹം മികച്ച വരുമാനമുണ്ടാക്കുന്നു. 2020ൽ അദ്ദേഹം ഡല്ലാസിൽ 2 മില്യൺ ഡോളറിന്റെ ആഢംബര മാൻഷൻ സ്വന്തമാക്കിയിരുന്നു.