ഐഎംഎഫിനു പിന്നാലെ പാകിസ്ഥാന് വായ്പ നൽകാൻ ഒരുങ്ങി ലോകബാങ്കും. എന്നാൽ ഇന്ത്യ ഇതിനെ എതിർക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന് ലഭിക്കുന്ന സാമ്പത്തിക സഹായം അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യാൻ ഉപയോഗിക്കപ്പെടാം എന്ന ആശങ്കയിലാണ് ഇന്ത്യ നീക്കത്തെ എതിർക്കുന്നത്.

പാകിസ്ഥാനെ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ സ്ഥാപനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATAF) ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. തീവ്രവാദ ധനസഹായം സംബന്ധിച്ച എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാനെ വീണ്ടും ഉൾപ്പെടുത്താനാണ് ഇന്ത്യ ഇപ്പോൾ സമ്മർദ്ദം ചെലുത്തുന്നത്. 2022ൽ പാകിസ്ഥാനെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ അതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് അവരുടെ സാമ്പത്തിക സഹായ സ്രോതസ്സുകളെ തടയുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, ആയുധ വ്യാപനം എന്നിവ തടയുന്നതിൽ ദുർബലമായ രാജ്യങ്ങളാണ് എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. 2018ലാണ് പാകിസ്ഥാനെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ആ സമയത്ത്, കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
ഈ വർഷം ജനുവരിയിൽ അടുത്ത 10 വർഷത്തിനുള്ളിൽ പാകിസ്ഥാന് 20 ബില്യൺ ഡോളർ വായ്പ നൽകാൻ ലോകബാങ്ക് സമ്മതിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, സ്വകാര്യ മേഖലാ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് ഈ വായ്പ നൽകുന്നത്. ഐഎംഎഫിൽ നിന്ന് വായ്പയെടുത്താണ് പാകിസ്ഥാൻ ആയുധങ്ങൾ വാങ്ങുന്നതെന്ന് ആരോപിച്ചാണ് ലോകബാങ്കിൽ നിന്ന് പാകിസ്ഥാന് ലഭിക്കുന്ന വായ്പയേയും ഇന്ത്യ എതിർക്കുന്നത്. ഐഎംഎഫിൽ നിന്ന് പാകിസ്ഥാന് വായ്പ ലഭിക്കുമ്പോഴെല്ലാം അവർ ആയുധങ്ങൾ വാങ്ങുന്നത് വർദ്ധിപ്പിക്കുകയാണെന്ന് നേരത്തെ ഇന്ത്യ ഐഎംഎഫിനോട് ചൂണ്ടിക്കാണിച്ചിരുന്നു.
ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലേക്ക് വീഴാതിരിക്കാനായി സമ്പദ്വ്യവസ്ഥ സ്ഥിരപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐഎംഎഫ്, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ പലപ്പോഴും വാദിക്കുന്നു. എന്നാൽ ഇത് പലപ്പോഴും പ്രാദേശികമായും ആഗോളമായും പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുന്നത്. പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസ്ഥകൾ ഏർപ്പെടുത്തുന്നുണ്ടെന്നാണ് ഐഎംഎഫും ലോകബാങ്കും പറയുന്നത്. ഈ വാദങ്ങൾക്കിടയിലും, തീവ്രവാദത്തെ പിന്തുണയ്ക്കുന്നും എന്ന് ആരോപിക്കപ്പെടുന്ന ഒരു രാജ്യത്തിന് ആവർത്തിച്ചുള്ള സാമ്പത്തിക സഹായം നൽകുന്നത് ധാർമ്മിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വിമർശകർ പറയുന്നു. ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ തീവ്രവാദത്തിന് എതിരെയുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു എന്നാണ് നിരീക്ഷണം.
India is set to strongly oppose the World Bank’s $20 billion loan to Pakistan, citing concerns that the financial aid could indirectly fund cross-border terrorism. This comes after India previously raised similar objections to IMF bailouts for Pakistan and is pushing for Pakistan’s re-inclusion in the FATF grey list.