സ്റ്റൈൽ മന്നൻ രജനീകാന്തും സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന കൂലി (Coolie) എന്ന ചിത്രത്തിലൂടെ വമ്പൻ സിനിമാറ്റിക് അനുഭവത്തിനായുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര പ്രേക്ഷകർ. ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റുകളും ആരാധകർ ആഘോഷമാക്കുകയാണ്. സൂപ്പർതാരവും സൂപ്പർസംവിധായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാണ് കൂലിയുടെ ഹൈപ്പ് പ്രധാനമായും ഉയർത്തുന്നത്. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനീകാന്തും ലോകേഷും കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്. 350 കോടി രൂപ ബജറ്റിൽ നിർമാണം പൂർത്തിയാക്കിയ ചിത്രം ഈ വൻ ബജറ്റിനു പുറമേ താരത്തിനും സംവിധായകനും നൽകിയിരിക്കുന്ന വമ്പൻ പ്രതിഫലത്തിന്റെ പേരിൽക്കൂടിയാണ് വാർത്തയിൽ ഇടംപിടിക്കുന്നത്. അതോടൊപ്പം ഈ വമ്പൻ ചിലവ് നിർമാതാക്കൾക്ക് മുതലാകുമോ എന്ന ചോദ്യവും ഉയരുന്നു.

രജനി ചിത്രം 'കൂലി' നിർമാതാക്കൾക്ക് മുതലാകുമോ?, Film budget ₹375 crores,

പിങ്ക് വില്ല റിപ്പോർട്ട് പ്രകാരം പ്രിന്റ്, പബ്ലിസിറ്റി എന്നിവ ഒഴികെയുള്ള ‘കൂലി’യുടെ ആകെ ബജറ്റ് 350 കോടി രൂപയാണ്. 150 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനീകാന്ത് പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. അതേസമയം 50 കോടി രൂപയാണ് സംവിധായകൻ ലോകേഷ് കനകരാജിന് ചിത്രത്തിൽ നിന്നും ലഭിച്ച പ്രതിഫലം. ഇങ്ങനെ ഒരു നടനും സംവിധായകനും ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. ഇരുവർക്കും ചേർന്ന് 200 കോടി രൂപ! ബാക്കി തുക സിനിമാ നിർമാണത്തിനും മറ്റ് താരങ്ങൾക്കുമുള്ള പ്രതിഫലവുമാണ്. പ്രിന്റ്, പബ്ലിസിറ്റി തുടങ്ങിയവയ്ക്കായി നിർമാതാക്കൾ ഏകദേശം 25 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും ഇതുകൂടി ചേർത്താൽ ചിത്രത്തിന്റെ മൊത്തം ബജറ്റ് 375 കോടി രൂപയായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രീ റിലീസ് ഹൈപ്പും റൈറ്റ്സും വെച്ച് നോക്കുമ്പോൾത്തന്നെ ഈ തുക നിർമാതാക്കൾക്ക് മുതലാകും എന്നാണ് വിലയിരുത്തൽ. കൂലിയുടെ ഡിജിറ്റൽ റൈറ്റ്സ് 130 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്സ് 90 കോടി രൂപയ്ക്കും മ്യൂസിക് റൈറ്റ്സ് 20 കോടി രൂപയ്ക്കും വിറ്റുപോയതായാണ് വിവരം. ഇങ്ങനെ നോൺ തിയേറ്റ‌ർ റൈറ്റ്സിൽ നിന്നു മാത്രം ചിത്രം ഇതുവരെ 240 കോടി രൂപ നേടി. തിയേറ്ററുകളിൽ നിന്നും 135 കോടി രൂപ നേടാനായാൽ നിർമാതാക്കൾക്ക് മുടക്കിയ തുക തിരിച്ചുപിടിക്കാനാകും. വമ്പൻ താരനിരയും ലോകേഷ് ഫാക്ടറും വെച്ചുനോക്കുമ്പോൾ ഈ 135 കോടി ആദ്യ ദിവസമോ ഏതാനും ദിവസങ്ങൾക്കുള്ളിലോ തന്നെ തിരിച്ചുപിടിക്കാൻ കഴിയേണ്ടതാണ്.

സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രത്തിൽ രജനീകാന്തിനു പുറമെ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ എന്നിങ്ങനെ നീണ്ട താരനിര തന്നെ സ്ക്രീനിലെത്തും. ഐമാക്സ് ഫോർമാറ്റുകളിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. കൂലിക്ക് ശേഷം നെൽസൺ ദിലീപ്കുമാറിന്റെ ആക്ഷൻ-ഡ്രാമ ‘ജയിലർ 2’ ലാണ് രജനീകാന്ത് അഭിനയിക്കുന്നത്. അടുത്ത വർഷം ജയിലർ 2 തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Share.

Comments are closed.

Exit mobile version