കൊച്ചി എന്നത് നഗരത്തിരക്ക് മാത്രമല്ല, നഗരത്തിലും ഗ്രാമത്തെ ഒളിപ്പിച്ച ഇടങ്ങൾ കൂടി ചേരുന്നതാണ്. അത്തരത്തിൽ കൊച്ചിക്കു സമീപമുള്ള നഗരത്തിരക്കിലെ സ്വച്ഛതയുടെ ചില ‘മസ്റ്റ് വിസിറ്റ്’ തുരുത്തുകൾ നോക്കാം.
വൈപ്പിൻ
ഫോർട്ട് കൊച്ചിയിൽ നിന്ന് ഫെറി റൂട്ട് വഴി വൈപ്പിനിലെത്താം. മനോഹരമായ കടൽത്തീരം, അറബിക്കടൽ കായലുമായി സംഗമിക്കുന്ന പ്രദേശം, ചെറായി ബീച്ച് എന്നിങ്ങനെ കാണേണ്ട കാഴ്ചകൾ നിരവധി. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ കോട്ടകളിലൊന്നായ പള്ളിപ്പുറം കോട്ട വൈപ്പിൻ ദ്വീപിലാണ്.
മുസിരിസ്
റോമൻ-ഗ്രീക്ക് രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പുരാതന തുറമുഖ പട്ടണമാണ് മുസിരിസ്. കൊച്ചിയിൽ നിന്നും ഏതാണ്ട് 30 കിലോമീറ്റർ ആണ് പഴയ തുറമുഖത്തിന്റെ ഓർമകൾ ഉറങ്ങുന്ന ഈ പ്രദേശത്തേക്ക് ഉള്ളത്. പറവൂർ സിനഗോഗിന്റെയും പട്ടണം പുരാവസ്തു പ്രദേശത്തിന്റെയും ഒരു ഭാഗം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്.

കുമ്പളങ്ങി
ഇന്ത്യയിലെ തന്നെ ആദ്യ മാതൃകാ ടൂറിസം വില്ലേജ് ആണ് നഗരത്തിൽ നിന്നും ഏതാണ്ട് 15 കിലോമീറ്ററോളം ദൂരത്തുള്ള കുമ്പളങ്ങി. ചെറു മത്സ്യബന്ധന ഗ്രാമത്തിലെ കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പരിപാടികൾ പ്രാദേശിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. കണ്ടൽക്കാടുകളിലൂടെയുള്ള ബോട്ട് യാത്രയും പരമ്പരാഗത രുചിഭേദങ്ങളും ഗ്രാമത്തിലെ ഹോം സ്റ്റേകളുമെല്ലാം കുമ്പളങ്ങിയെ വേറെ വൈബാക്കുന്നു.
മരട്
നഗരത്തിൽ നിന്നും വെറും ഏഴ് കിലോമീറ്റർ പരിധിയിലുള്ള മരട് വേറിട്ടതും ശാന്തവുമായ കായൽക്കാഴ്ചകൾക്ക് പ്രസിദ്ധമാണ്. പ്രദേശത്തെ ജീവിതം സഞ്ചാരികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ബോട്ട് യാത്രയും ഷാപ്പിലെ രുചിക്കൂട്ടങ്ങളും മരടിലുണ്ട്.
പള്ളിപ്പുറം
വൈപ്പിനിൽ തന്നെയുള്ള മറ്റൊരു ‘പൊളി’ സ്ഥലമാണ് പള്ളിപ്പുറം. മത്സ്യബന്ധനത്തിനു പേരുകേട്ട ഇവിടം പള്ളിപ്പുറം കോട്ട പോലുള്ള ചരിത്രപ്രാധാന്യമുള്ള ഇടങ്ങൾ കൊണ്ടും പക്ഷിനിരീക്ഷണത്തിനും പേരുകേട്ടതാണ്.
Explore the serene villages surrounding Kochi, Kerala, offering a perfect blend of natural beauty, rich cultural heritage, and sustainable tourism experiences. Discover ancient forts, tranquil backwaters, and vibrant local life.