നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മാസമായ ഏപ്രിലിൽ കേരളത്തിന്റെ നികുതി വരുമാനം 5% ഉയർന്ന് 3,436 കോടി രൂപയായി. മെയ് മാസത്തെ നികുതി സമാഹരണം 3,210 കോടി രൂപയിലുമെത്തി. കേരളത്തിന്റെ നടപ്പു വർഷം ആദ്യ രണ്ടുമാസങ്ങളിലെ (ഏപ്രിൽ-മേയ്) സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം 10% ഇടിഞ്ഞിട്ടുണ്ട്

രാജ്യത്തൊട്ടാകെ സാമ്പത്തിക മേഖലയിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ ഉണ്ടായ മുന്നേറ്റത്തിന്റെ നേട്ടം കേരളത്തിലും പ്രതിഫലിച്ചുവെന്നാണ് കേന്ദ്ര ജി എസ് ടി വകുപ്പിന്റെ വിലയിരുത്തലുകൾ.
നടപ്പുവർഷത്തെ ആദ്യമാസമായ ഏപ്രിലിൽ കേരളത്തിന്റെ നികുതി വരുമാനം 2024-25 ഏപ്രിലിലെ 3,272 കോടി രൂപയിൽ നിന്ന് 5% ഉയർന്ന് 3,436 കോടി രൂപയായപ്പോൾ ഇക്കഴിഞ്ഞ മാസത്തെ സമാഹരണം 2024 മേയിലെ 2,594 കോടി രൂപയിൽ നിന്ന് 24% കുതിച്ച് 3,210 കോടി രൂപയിലുമെത്തി.
ഏറ്റവുമധികം ജിഎസ്ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്രയാണ് . 17% വളർച്ചയോടെ 31,530 കോടി രൂപ സംസ്ഥാനം പിരിച്ചെടുത്തു. . കർണാടക (14,299 കോടി രൂപ), തമിഴ്നാട് (12,230 കോടി രൂപ), ഗുജറാത്ത് (11,737 കോടി രൂപ), ഡൽഹി (10,366 കോടി രൂപ), ഹരിയാന (10,170 കോടി രൂപ), ഉത്തർപ്രദേശ് (9,130 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.
രാജ്യത്ത് ജിഎസ്ടി പിരിവിലെ വളർച്ചാനിരക്കിൽ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിഗണിച്ചാൽ മുന്നിൽ 445% വുമായി ലക്ഷദ്വീപാണ്. രണ്ടാമത് (102% വുമായി മണിപ്പുരാണ്.
രാജ്യത്ത് ജിഎസ്ടി പിരിവിലെ വളർച്ചാനിരക്കിൽ സംസ്ഥാനങ്ങളിൽ കഴിഞ്ഞമാസം 38% രേഖപ്പെടുത്തിയ ഡൽഹിയാണ് ഒന്നാമത്. തമിഴ്നാട് 25% വളർച്ചയുമായി രണ്ടാമതെറ്റിയപ്പോൾ കേരളത്തിന് 24% വളർച്ചയുമായി മൂന്നാംസ്ഥാനമുണ്ട്.
അതേസമയം, കേരളത്തിന്റെ കഴിഞ്ഞ രണ്ടുമാസങ്ങളിലെ (ഏപ്രിൽ-മേയ്) സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം 10% ഇടിഞ്ഞിട്ടുണ്ട്. മുൻവർഷത്തെ സമാനകാലത്തെ 5,547 കോടി രൂപയിൽ നിന്ന് 4,965 കോടി രൂപയായാണ് ഇടിവ്.
ഈയിനത്തിൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് 12%, തെലങ്കാന 2%, തമിഴ്നാട് 6%, കർണാടക 3% എന്നിങ്ങനെയും നെഗറ്റീവ് വളർച്ച കുറിച്ചു. ലക്ഷദ്വീപ് 94% വളർച്ച നേടിയെങ്കിലും സമാഹരിച്ച തുക ആകെ 18 കോടി രൂപയേയുള്ളൂ. പുതുച്ചേരി നേരിട്ടത് 19% ഇടിവാണ്.
Kerala’s tax revenue saw a significant jump in April and May, reflecting national economic trends. Discover the latest GST collection figures and state performance.