ആഗോള ആഢംബര ഫാഷൻ ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ സിഇഒ ആണ് ലീന നായർ. ഇപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ‘കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ’ ബഹുമതി സ്വന്തമാക്കി അഭിമാനമായിരിക്കുകയാണ് ലീന. റീട്ടെയിൽ, ഉപഭോക്തൃ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയത്. കഴിഞ്ഞ ദിവസം വില്യം രാജകുമാരനിൽ നിന്ന് ലീന നായർ പുരസ്കാരം ഏറ്റുവാങ്ങി. മഹാരാഷ്ട്രയിലെ കോലാപൂരിൽ മലയാളി കുടുംബത്തിലാണ് ലീന നായരുടെ ജനനം. അതുകൊണ്ട് തന്നെ ഈ പുരസ്കാരനേട്ടം മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നു.
സാംഗ്ലി വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അവർ 1992ൽ എക്സ്എൽആർഐ ജംഷഡ്പൂരിൽ നിന്ന് ഹ്യൂമൻ റിസോഴ്സസിൽ എംബിഎയും നേടി. തുടർന്ന് ലീന നായർ യൂനിലിവറിൽ മാനേജ്മെന്റ് ട്രെയിനിയായി കരിയർ ആരംഭിച്ചു. പിന്നീട് യൂണിലിവർ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ സ്ഥാനം വരെ ആ കരിയർ വളർന്നു. 2022 ജനുവരിയിലാണ് ലീന നായർ ഫ്രഞ്ച് ബ്രാൻഡ് ഷനേലിന്റെ ആഗോള സിഇഒ ആയി ചുമതലയേറ്റത്. 18.7 ബില്യൺ യുഎസ് ഡോളർ (159947 കോടി രൂപ) വരുമാനമുള്ള ഷനേൽ ബ്രാൻഡ്, ലൂയിസ് വിറ്റണിന് പിന്നിൽ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ ആഢംബര ബ്രാൻഡാണ്.

അംഗീകാരത്തിൽ അങ്ങേയറ്റം സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നതായി ലീന നായർ പ്രതികരിച്ചു. കരിയർ യാത്രയിൽ പങ്കുചേർന്നവരുമായും തന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയ മനുഷ്യരുമായും ബഹുമതി പങ്കിടുന്നു. ഷനേലിലെ അത്ഭുതകരമായ ടീമിന് ഈ അവാർഡ് സമർപ്പിക്കുന്നു. പുരസ്കാരം ഷനേലിനെ ധീരതയോടെ നയിക്കാനുള്ള പ്രചോദനമാണ്-ലീന നായർ പറഞ്ഞു.
Leena Nair, the Indian-origin CEO of Chanel, has been awarded the ‘Commander of the Order of the British Empire’ for her contributions to the retail and consumer sector. She received the honor from Prince William.