അടുത്തിടെ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) അനുമതിപത്രം എന്ന പേരിൽ ഒരു നോട്ടീസ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. നോട്ടീസിൽ ടവർ സ്ഥാപിക്കുന്നതിനായി ട്രായ് 5000 രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നു. ഇത് അടച്ചാൽ മറ്റ് നടപടികളൊന്നുമില്ലാതെ മൊബൈൽ ടവർ സ്ഥാപിക്കാം എന്നാണ് വാഗ്ദാനം. എന്നാൽ ഇപ്പോൾ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പിഐബി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ഫാക്ട് ചെക്കിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ട്രായിയുടേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്കിലൂടെ വ്യക്തമാക്കുന്നു. ഇത്തരം നോട്ടീസോ ലെറ്ററോ ട്രായ് ഒരിക്കലും പുറപ്പെടുവിക്കില്ല എന്ന് പിഐബി മുന്നറിയിപ്പ് നൽകി. 2022 മെയ് മാസത്തിൽ മൊബൈൽ ടവർ ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പത്രക്കുറിപ്പും പിഐബി ഫാക്ട് ചെക്കിനോടൊപ്പം ചേർത്തിട്ടുണ്ട്. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം സംബന്ധിച്ചോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിലോ ഡിഒടി/ട്രായ് എന്നിവയ്ക്ക് പങ്കില്ലെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് വാടക വാഗ്ദാനം ചെയ്യുന്ന വ്യാജ കമ്പനികൾ/ഏജൻസികൾ/വ്യക്തികൾ എന്നിവരിൽ നിന്ന് സുരക്ഷിതരായിരിക്കണമെന്ന് ഡിഒടി പത്രക്കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി സ്ഥലം പാട്ടത്തിനെടുക്കുന്നതിലും വാടകയ്ക്കെടുക്കുന്നതിലും ഡിഒടിയോ ട്രായിയോ പങ്കാളികളല്ല. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുജനങ്ങൾ വ്യാജ വാഗ്ദാനങ്ങളിൽ വീഴുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായാണ് ടെലികോം വകുപ്പ് പൊതു അറിയിപ്പ് പുറപ്പെടുവിച്ചത്. ടവർ സ്ഥാപിക്കുന്നതിന് ഒരു ടെലികോം സേവന ദാതാവും മുൻകൂർ പണം ആവശ്യപ്പെടില്ലെന്നും ഡിഒടി മുന്നറിയിപ്പ് നൽകുന്നു.
Channeliam Fact Check confirms claims of high monthly rent for mobile tower installation are false, with the Department of Telecommunications (DoT) warning against scams that demand advance payments for such offers