സൗത്ത് ഏഷ്യൻ ബോഡിബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2025ൽ (South Asian Bodybuilding & Physique Sports Championships) അഭിമാനനേട്ടവുമായി ഇന്ത്യക്കാരി. അരുണാചൽ പ്രദേശിൽ നിന്നുള്ള ഹില്ലാങ് യാജിക് (Hillang Yajik) ആണ് ചാമ്പ്യൻഷിപ്പിൽ രണ്ടിനങ്ങളിലായി സ്വർണ്ണവും വെള്ളിയും നേടി അഭിമാനമായത്. അന്താരാഷ്ട്ര തലത്തിൽ സ്വർണം നേടുന്ന അരുണാചലിൽ നിന്നുള്ള ആദ്യ വനിതാ ബോഡിബിൽഡിംഗ് താരം കൂടിയാണ് 25കാരിയായ യാജിക്.
കഴിഞ്ഞ വർഷം 56ആമത് ഏഷ്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് യാജിക് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഇതിനുപുറമേ 15ആമത് WBPF വേൾഡ് ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലും താരം പങ്കെടുത്തു.
അരുണാചൽ പ്രദേശിലെ കുറുങ് കുമേയിലാണ് യാജിക്കിന്റെ ജനനം. നേരത്തെ ഇന്ത്യൻ ബോഡി ബിൽഡേഴ്സ് ഫെഡറേഷനും എറണാകുളത്തുള്ള ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരളയും നടത്തിയ സെലക്ഷൻ ട്രയൽസിൽ താരം യോഗ്യത നേടിയിരുന്നു. തുടർന്നാണ് ഏഷ്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലും 2024 ലെ വേൾഡ് ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ അവസരം ലഭിച്ചത്.
ഭൂട്ടാനിലെ ചരിത്ര വിജയത്തോടെ കൂടുതൽ ചാമ്പ്യൻഷിപ്പുകൾക്ക് അവസരം ലഭിക്കുമെന്ന് യാജിക് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഒരൊറ്റ അന്താരാഷ്ട്ര മെഡലും നേടാൻ കഴിഞ്ഞില്ല. അതിന്റെ നിരാശയുണ്ടായിരുന്നെങ്കിലും തളരാതെ മുന്നേറി. ഇത്തവണ കൂടുതൽ കഠിനാധ്വാനം ചെയ്തതായും അവർ പറഞ്ഞു. ഈ മെഡൽ രാജ്യത്തിനും, അരുണാചലിനും, പരിശീലകനും ഒപ്പം തനിക്കുതന്നെയും സമർപ്പിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കും ഭൂട്ടാനും പുറമേ നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി മത്സരിച്ചാണ് യാജിക്കിന്റെ അഭിമാനനേട്ടം. 2024 ഏപ്രിലിൽ ഗോവയിൽ നടന്ന 13ആമത് ഫെഡറേഷൻ കപ്പ് ദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ സ്പോർട്സ് ഫിസിക് വിഭാഗത്തിൽ വെള്ളി നേടിയതാണ് ഇതിനു മുൻപുള്ള യാജിക്കിന്റെ ഏറ്റവും ശ്രദ്ധേയ പ്രകടനം
Hillang Yajik, a 25-year-old fitness model from Arunachal Pradesh, made history by winning a gold and a silver medal at the 15th South Asian Bodybuilding and Physique Sports Championships 2025 in Bhutan, becoming the first female from her state to win international bodybuilding gold.