തേങ്ങക്കും കൊപ്രക്കും കടുത്ത ക്ഷാമം തുടരുന്നതോടെ   കേരളത്തിലെ ചില്ലറ വിൽപന മേഖലയിൽ വെളിച്ചെണ്ണ വില കിലോക്ക് 420 രൂപക്ക് മുകളിലായി. വീണ്ടും വില കുത്തനെ കുതിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ . മൊത്ത വിപണിയിലും വെളിച്ചെണ്ണ വില  ലിറ്ററിന് 400 കടന്നു കഴിഞ്ഞു.  ഇതിനോടൊപ്പം പച്ചത്തേങ്ങയുടെ വില കുറയാതെ നിൽക്കുന്നത് കാരണം വെളിച്ചെണ്ണ ഉല്പാദനവും കേരളത്തിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ വരുംദിവസങ്ങളിലും വില കുതിക്കുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വെളിച്ചെണ്ണ ചില്ലറ വില ഓണകാലത്തു  കിലോക്ക് 500 രൂപയിലേക്ക്  എത്തിയാൽപോലും അത്ഭുതപ്പെടേണ്ടതില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

 കേരളത്തിലും തമിഴ്നാട്ടിലും  തേങ്ങക്കും കൊപ്രക്കും കടുത്ത ക്ഷാമമാണുള്ളത്. കേരളത്തിൽ കൊപ്ര  ഉൽപാദനം കുറഞ്ഞതും കേരളത്തിലെ മില്ലുകൾക്കു തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആവശ്യത്തിന് കൊപ്രയും പച്ചത്തേങ്ങയും ലഭിക്കാത്തതും വില വർധനക്ക് കാരണമായി.

 വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. മാർച്ച്‌ മുതലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്നു. അതാണിപ്പോൾ ലിറ്ററിന് 400 രൂപ കടന്നത്.

പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 70  – 80 രൂപ എന്ന നിലയിൽ തന്നെ വില തുടരുകയാണ്.   കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് പ്രവര്‍ത്തനമൂലധനത്തില്‍ വലിയ വര്‍ധനവന്നു. പച്ചതേങ്ങക്കു വില കുറയുമോ എന്ന ഭീതി കാരണം വെളിച്ചെണ്ണ മില്ലുകാർ അധികമായി പച്ചത്തേങ്ങയും, കൊപ്രയും വാങ്ങി ശേഖരിക്കാൻ മടിക്കുന്നതും ഉത്പാദനം കുറയുവാൻ കാരണമായി.  നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളില്‍ ചിലതൊക്കെ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് വെളിച്ചെണ്ണ ഉത്പാദിപ്പിച്ചാണ്.

വെളിച്ചെണ്ണയ്ക്ക് വിലയേറിയതോടെ പാചകത്തിനായി മറ്റ് എണ്ണകൾ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. പാം ഓയിൽ ലിറ്ററിന് 140 ഉം, സൺഫ്ലവർ ഓയിൽ ലിറ്ററിന് 170 രൂപയുമാണ്ഇപ്പോളത്തെ വില.  

കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ പ്രതികരിക്കുന്നത്.  ഇതിനിടെ വെളിച്ചെണ്ണയുടെ വ്യാജനും വിപണിയിലുണ്ട്.  വെളിച്ചെണ്ണയുടെ വിലക്കയറ്റമാണ് വ്യാജന്മാര്‍ മുതലെടുക്കുന്നത്. കുടുംബ ബജറ്റിനനുസരിച്ചു വിലകുറഞ്ഞ വെളിച്ചെണ്ണ തിരഞ്ഞെടുക്കാൻ  ഉപഭോക്താക്കൾ നിർബന്ധിതരാകുന്നതോടെ   നല്ല വെളിച്ചെണ്ണ പുറത്തായി. ഓഫറുകളെന്നപേരില്‍ വിപണിയിൽ വിലകുറച്ച് വെളിച്ചെണ്ണ വില്‍ക്കുന്നുണ്ട്.  വ്യാജവെളിച്ചെണ്ണ വിപണികീഴടക്കുന്നതായി ചൂണ്ടിക്കാണിച്ച് അടുത്തിടെ കേരഫെഡ് രംഗത്തെത്തിയിരുന്നു.

പാം കെര്‍ണല്‍ ഓയിലും മറ്റ് വിലകുറഞ്ഞ എണ്ണചേര്‍ത്തതുമായ വെളിച്ചെണ്ണയാണ് വ്യാജനില്‍ മുമ്പന്‍. ശ്രീലങ്കയില്‍നിന്നും മറ്റും ഇറക്കുമതിചെയ്യുന്ന തേങ്ങാപ്പിണ്ണാക്ക് ലായകം ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേര്‍ത്തുവരുന്ന വെളിച്ചെണ്ണയുമുണ്ട്. പക്ഷേ, നിശ്ചിത അളവിലാണെങ്കില്‍ ഇതൊന്നും പരിശോധനയില്‍ കണ്ടെത്താനാകില്ല. പെട്രോളിയം ഉപോത്പന്നമായ പാരഫിന്‍ ഓയിലാണ് വെളിച്ചെണ്ണയിലെ മറ്റൊരു മായം. ഇവയൊക്കെ  ആരോഗ്യത്തിന് വലിയഭീഷണിയാണുയർത്തുന്നത്.

Coconut oil prices in Kerala have soared above ₹420/kg due to severe shortage of coconuts and copra, with concerns of hitting ₹500. This has led to a rise in fake oils and challenges for businesses.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version