പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഘാനയുടെ ദേശീയ ബഹുമതി. ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ഘാനയിലെത്തിയ വേളയിലാണ് പുരസ്കാരം സമ്മാനിച്ചത്. ഘാനൻ പ്രസിഡന്റ് ജോൺ ദ്രമാനി മഹാമയാണ് മോഡിക്ക് ഓഫീസ് ഓഫ് ദ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. നരേന്ദ്ര മോഡിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഘാന അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്.
ഘാനയിലെ ജനങ്ങൾക്കും സർക്കാരിനും നന്ദി അറിയിക്കുന്നതായും ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ചരിത്രപരമായ ബന്ധത്തിന് പുരസ്കാരം സമർപ്പിക്കുന്നതായും മോഡി പറഞ്ഞു. ഘാനയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനം ഇന്ത്യ-ഘാന ബന്ധത്തിന് പുതിയ ഊർജം നൽകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി ചർച്ചകൾ നടത്തി. യുവാക്കളെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യ സ്കിൽ ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കുമെന്ന് നേരത്തെ മോഡി പ്രഖ്യാപിച്ചിരുന്നു. ഘാനയുടെ ‘ഫീഡ് ഘാന’ പരിപാടിയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്. കൃഷി, വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ പേയ്മെന്റ് തുടങ്ങിയ പ്രധാന മേഖലകളിൽ ഘാനയുമായി ഇന്ത്യ സഹകരണം വികസിപ്പിക്കുമെന്ന് മോഡി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘാനയുമായുള്ള വ്യാപാരം ഇന്ത്യ ഇരട്ടിയാക്കും. സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കുന്നതിനായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ഭാരത് യുപിഐയിലൂടെ സഹകരിക്കും. ഘാനയ്ക്കുള്ള ഐടിഇസി, ഐസിസിആർ സ്കോളർഷിപ്പുകൾ ഇരട്ടിയാക്കാൻ ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. കാർഷിക മേഖലയിൽ പ്രസിഡന്റ് മഹാമയുടെ ‘ഫീഡ് ഘാന’ പരിപാടിയുമായി സഹകരിക്കും. ജൻ ഔഷധി കേന്ദ്രത്തിലൂടെ, ഘാനയിലെ പൗരന്മാർക്ക് താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ സംരക്ഷണം നൽകും. വാക്സിൻ ഉൽപാദനത്തിലെ സഹകരണത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
Prime Minister Narendra Modi received Ghana’s national honour, ‘Officer of the Order of the Star of Ghana,’ from President John Dramani Mahama, marking a historic visit aimed at deepening India-Ghana bilateral ties.