ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായുള്ള 31429 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ തുടക്കമായതായി വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച സമ്മിറ്റിൽ താത്പര്യ പത്രം ഒപ്പുവെച്ച 86 നിക്ഷേപ പദ്ധതികൾക്കാണ് ഇതുവരെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിലായിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. സമ്മിറ്റിലൂടെ നാല് മാസം കൊണ്ട് കേരളത്തിൽ നിർമ്മാണമാരംഭിച്ച 86 പദ്ധതികളിൽ നിന്നായി 40,439 തൊഴിലവസരങ്ങൾ വരുമെന്നും മന്ത്രി പറഞ്ഞു. 1,77,732 കോടി രൂപയുടെ 424 നിക്ഷേപ വാഗ്ദാനങ്ങളാണ് സമ്മിറ്റിലൂടെ ലഭിച്ചത്. വെറും നാല് മാസം കൊണ്ട് നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച 20 ശതമാനത്തിലധികം കമ്പനികളും കേരളത്തിൽ നിക്ഷേപം തുടങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി.

വലിയ നേട്ടമാണ് സംസ്ഥാനം ഇതിനകം കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇനിയും പരമാവധി നിക്ഷേപവാഗ്ദാനങ്ങളെ നിക്ഷേപമാക്കി മാറ്റി കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ മികച്ച തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകം തന്നെ കേരളത്തെ ഒരു ലക്ഷ്യസ്ഥാനമായി കാണുകയാണ്. ഈ മുന്നേറ്റം തുടരുന്നതിനായുള്ള എല്ലാ പരിശ്രമവും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും-മന്ത്രി പറഞ്ഞു.
എട്ട് കിൻഫ്രാ പാർക്കുകളിലായി 1011 കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചു. മെയ് മാസത്തിൽ മാത്രം 2714 കോടി രൂപയുടെ ഏഴ് പദ്ധതികളാണ് ആരംഭിച്ചത്. ജൂലായിൽ ആരംഭിക്കുന്ന പദ്ധതികളിൽ ഭാരത് ബയോടെക്കിന്റെ നിക്ഷേപമാണ് ഏറ്റവും പ്രധാനം. അങ്കമാലി കെഎസ്ഐഡിസി പാർക്കിലാണ് പദ്ധതി വരുന്നത്. ലോജിസ്റ്റിക്സ് രംഗത്ത് കളമശ്ശേരിയിൽ അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപയുടെ പദ്ധതിയാണ് മറ്റൊന്ന്. കെയ്ൻസ് ടെക്നോളജീസ് 500 കോടി രൂപയുടെ ഫ്ലെക്സിബിൾ പിസിബി പദ്ധതിയും നിർണായകമാണ്. ഇതിൽ മാത്രം 1000 പേർക്ക് ജോലിസാധ്യതയുണ്ട്. ഓഗസ്റ്റിൽ 1437 കോടി രൂപയുടെ പദ്ധതികളും ആരംഭിക്കും.
തൃശ്ശൂരിൽ റെനൈ മെഡി സിറ്റിയുടെ 500 കോടി പദ്ധതി, കാക്കനാട് നീറ്റാ ജെലാറ്റിന്റെ 250 കോടി പദ്ധതി, 250 കോടി രൂപയുടെ ആലുവ എൻഡിആർ സ്പേസ് പദ്ധതി എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ.
Kerala’s Industries Minister P. Rajeeve announced that 86 projects worth ₹31,429 crore from the Invest Kerala Global Summit have begun, creating over 40,000 jobs within four months and strengthening the state’s investment landscape.