കേരള ക്രിക്കറ്റ് ലീഗ് (KCL) രണ്ടാം സീസണിന്റെ ആവേശത്തിലാണ് സ്പോർട്സ് പ്രേമികൾ. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഏഴ് വരെ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്റെ താര ലേലം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സ്പോർട്സ് പ്രേമികൾക്കൊപ്പം കേരളത്തിലെ ബിസിനസ് ലോകത്തേയും കെസിഎൽ ആവേശത്തിലാഴ്ത്തും. ആദ്യ സീസണിൽ ലീഗിന്റെ സാമ്പത്തിക സംഭാവന 30 കോടി രൂപയായിരുന്നു എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങനെ സ്പോർട്സിനു പുറമേ ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ സേവന മേഖലകളിലെ പ്രാദേശിക ബിസിനസ്സുകൾക്ക് കരുത്ത് പകരുകയാണ് കെസിഎൽ.

ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകളാണ് കെസിഎല്ലിൽ മാറ്റുരയ്ക്കുക. ഈടീമുകളിൽ നിന്നു മാത്രം കേരള ക്രിക്കറ്റ് അസോസിയേഷന് (KCA) ഫ്രാഞ്ചൈസി ഫീസായി 14 കോടി രൂപ വാർഷിക വരുമാനം ലഭിക്കും. പത്ത് വർഷം ടീമുകൾ ഇത്തരത്തിൽ ഫ്രാഞ്ചൈസി ഫീസ് നൽകണം. ഇത് ലീഗിന്റെയും കെസിഎയുടെയും പ്രവർത്തനങ്ങൾക്ക് സ്ഥിരവരുമാനം ഒരുക്കും. സംസ്ഥാനത്തെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, ടാലന്റ് ഡെവലപ്മെന്റ് തുടങ്ങിയവ ശക്തമാക്കുന്നതിൽ ഇത് നിർണായകമാണ്.

കളിക്കാർക്കുള്ള വരുമാനമാണ് കെസിഎല്ലിന്റെ മുഖ്യ ആകർഷണം. പ്രതിഫല തുകകളിൽ പുതിയ റെക്കോഡ് കുറിച്ചായിരുന്നു കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായത്. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയ സഞ്ജു സാംസണാണ് ഈ സീസണിലെ വിലയേറിയ താരം. ആകെയുള്ള 168 താരങ്ങളിൽ നിന്ന്  91 പേരെയാണ് വിവിധ ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കിയത്. കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന വമ്പൻ പ്രതിഫലത്തിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് കെസിഎൽ നേരിട്ട് ഗുണം ചെയ്യുന്നു.

സ്റ്റാർ സ്പോർട്സും ഏഷ്യാനെറ്റ് പ്ലസുമാണ് കെസിഎല്ലിന്റെ ബ്രോഡ്കാസ്റ്റ് പങ്കാളികൾ. ഇതിനു പുറമേ ഫാൻകോഡ് പോലുള്ളവയുമായും പങ്കാളിത്തമുണ്ട്. ബ്രോഡ്കാസ്റ്റ് പങ്കാളിത്തത്തിലൂടെയും സംപ്രേക്ഷണ അവകാശത്തിലൂടെയും കോടികൾ കെസിഎയുടെ പോക്കറ്റിലെത്തും. സ്പോൺസർഷിപ്പ് വരുമാനമാണ് കെസിഎല്ലിന്റെ മറ്റൊരു നേട്ടം. സഞ്ജു സാംസണിനെ പോലുള്ള അന്താരാഷ്ട്ര താരങ്ങൾ ലീഗിലേക്ക് എത്തുന്നതോടെ കെസിഎല്ലിന്റെ സ്പോൺസർഷിപ്പ് വരുമാനം ഇക്കുറി ഇരട്ടിയാകും. ലീഗിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിലും സഞ്ജുവിന്റെ വരവ് നിർണായകമാണ്. ഇതിലൂടെ കെസിഎല്ലിന്റെ ബ്രാൻഡ് മൂല്യം വർധിക്കുന്നു. ഭാവിയിൽ ഉയർന്ന സ്പോൺസർഷിപ്പ് ഡീലുകൾ ലഭിക്കാൻ ഇത് സഹായിക്കും.

ടീമുകളുടെ താമസം, ട്രാവൽ എക്സ്പെൻസ്, ട്രെയിനിങ് സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയിലൂടെയും കെസിഎൽ സംസ്ഥാനത്തിന് മികച്ച വരുമാനം നൽകും. ഇങ്ങനെ ഹോസ്പിറ്റാലിറ്റി, ഗതാഗതം, സ്പോർട്സ് സേവന മേഖലകളിലെ പ്രാദേശിക ബിസിനസ്സുകൾക്ക് കെസിഎൽ മുതൽക്കൂട്ടായി മാറുകയാണ്. ആദ്യ സീസണിൽ ലീഗിന്റെ സാമ്പത്തിക സംഭാവന 30 കോടി രൂപയായിരുന്നു. ഹോട്ടലുകൾ, ടാക്‌സികൾ, കാറ്ററിങ്ങുകാർ, മീഡിയ ഏജൻസികൾ, പ്രിന്റിംഗ് പ്രസ്സുകൾ, ഡിജിറ്റൽ കണ്ടന്റ് സ്രഷ്ടാക്കൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ബിസിനസുകൾക്ക് ഇത് ഏറെ ഗുണം ചെയ്തു. ലീഗ് നേരിട്ടും അല്ലാതെയും സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ സീസണിൽ കെസിഎൽ 700ലധികം നേരിട്ടുള്ള ജോലികളും 2,500ലധികം പരോക്ഷ തൊഴിലും സൃഷ്ടിച്ചു. മീഡിയ, ഇവന്റ് മാനേജ്മെന്റ് സപ്പോർട്ട് സ്റ്റാഫുകളിൽ നാൽപ്പത് ശതമാനവും സ്ത്രീകളായിരുന്നു എന്ന സവിശേഷതയുമുണ്ട്. ഈ വർഷം സ്റ്റേഡിയത്തിനുള്ളിൽ ഫുഡ് കോർട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി കെസിഎ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ഈ സീസണിൽ, ക്രിക്കറ്റിനപ്പുറം സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിലും നിർണായക പങ്ക് വഹിക്കാൻ കെസിഎൽ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരള ടൂറിസവുമായി സഹകരിച്ച്, ‘ക്രിക്കറ്റ് ടൂറിസം’ എന്ന ആശയം മുന്നോട്ടുവെയ്ക്കാനുള്ള സാധ്യത ആരായുകയാണ്. ഇതിന് പുറമേ കേരളത്തിലെ നിറപ്പകിട്ടാർന്ന ഓണാഘോഷങ്ങളുമായി സഹകരിക്കാനും കെസിഎൽ ലക്ഷ്യമിടുന്നു. കെസിഎല്ലിന്റെ പരിപാടികളിൽ ആരാധകരെയും സമൂഹത്തിന്റെയുമാകെ പങ്കാളിത്തത്തോടെ സാമൂഹിക അവബോധ കാമ്പെയ്നുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് മാസ്‌കോട്ട് അധിഷ്ഠിത ആനിമേറ്റഡ് കോണ്ടന്റ് തയ്യാറാക്കാനായി കെസിഎൽ ടൂൺസ് ആനിമേഷൻ ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ ക്രിക്കറ്റ് പ്രേമികളെ കളിയുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിന് പുതിയ ഫാൻ എൻഗേജ്‌മെന്റ് ആപ്പും വികസിപ്പിച്ചിട്ടുണ്ട്.

ആഗസ്‌റ്റ 21നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തുടക്കമാകുക. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിൽ കെസിഎ പുതുതായി സ്ഥാപിച്ച എൽഇഡി ഫ്‌ളഡ്ലൈറ്റുകൾക്ക് കീഴിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാ മത്സരങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കും. എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ഓൺലൈൻ കൂപ്പണുകൾ വഴിയായിരിക്കും പ്രവേശനം. എല്ലാ ഗെയിമുകളും സ്റ്റാർ സ്പോർട്സ് ത്രീയിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സീസണിൽ സ്റ്റാർ സ്പോർട്സ് 1ലൂടെ 14 ദശലക്ഷം പേരും ഫാൻകോഡിൽ 2.4 ദശലക്ഷം പേരും ഏഷ്യാനെറ്റ് പ്ലസിലെ രണ്ട് സംപ്രേക്ഷണങ്ങളിലൂടെ 2 ദശലക്ഷം പേരും മത്സരങ്ങൾ കണ്ടതായാണ് കണക്ക്.

കഴിഞ്ഞ ദിവസം നനടന്ന കെസിഎൽ താരലേലത്തിൽ ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചിലവഴിക്കാൻ കഴിയുമായിരുന്നത്. ഇതിൽ കൊച്ചി മാത്രമാണ് മുഴുവൻ തുകയും ചെലവഴിച്ചത്. കൊല്ലം 49.80 ലക്ഷവും ആലപ്പി 49.35ഉം കാലിക്കറ്റ് 49.80ഉം ട്രിവാൻഡ്രം 49.40ഉം തൃശൂർ 49.65 ലക്ഷം രൂപ വീതവും ചെലവഴിച്ചു. എല്ലാ ടീമുകളും പരമാവധി 20 താരങ്ങളെയും ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി.

The second season of the Kerala Cricket League (KCL) is set to boost Kerala’s economy through player payouts, franchise revenues, tourism partnerships, and significant local business involvement, building on its ₹30 crore contribution in the first season.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version