ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് ഉത്തർ പ്രദേശിലെ (Uttar Pradesh) നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (Noida International Airport). യുപിയിലെ ജെവാറിലുള്ള (Jewar) വിമാനത്താവളത്തിന്റെ 80 ശതമാനത്തോളം നിർമാണം പൂർത്തിയായി. ഈ വർഷം നവംബർ മാസത്തോടെ വിമാനത്താവളം പ്രവർത്തനം ആരംഭിക്കും. ഇതോടെ നോർത്ത് ഇന്ത്യയുടെ പ്രധാന ഏവിയേഷൻ ഹബ്ബായി വിമാനത്താവളം മാറും.
നാല് ഘട്ടങ്ങളിലായി നടക്കുന്ന എയർപോർട്ട് നിർമാണത്തിന് 29650 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. . വിമാനത്താവളം 2024 സെപ്റ്റംബറോടെ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ടെർമിനൽ നിർമാണ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനം നവംബറിൽ ആയിരിക്കുമെങ്കിലും സെപ്റ്റംബർ മാസത്തോടെ കാർഗോ ഫ്ലൈറ്റ് സേവനങ്ങൾ ആരംഭിക്കും.

നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ വിസ്തൃതി, യാത്രക്കാരുടെ എണ്ണം എന്നിവയിൽ നോയിഡ എയർപോർട്ട് ഏഷ്യയിൽ ഒന്നാമതാകും. ആദ്യഘട്ടത്തിൽ 1334 ഹെക്ടറിലാണ് നിർമാണം. മൊത്തം 5,000 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. ആറ് റൺവേകളുള്ള വിമാനത്താവളം ആദ്യഘട്ടത്തിൽ വർഷത്തിൽ 1.2 കോടി യാത്രക്കാരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം. പിന്നീടിത് 7 കോടി യാത്രക്കാരാക്കാനുള്ള വികസനം നടക്കും.
ഡൽഹിയിൽ നിന്നും 75 കിലോമീറ്റർ ദൂരത്തിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഡൽഹി എയർപോർട്ടിലെ തിരക്ക് കുറയ്ക്കാൻ നോയിഡ സഹായിക്കും. ഡൽഹി-വാരാണസി ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങളും ഏറെ ഗുണം ചെയ്യും. അത്യാധുനിക ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ സെന്ററിലൂടെ മെട്രോ റെയിൽ, ബസ് ടെർമിനലുകൾ, ടാക്സി ലെയ്നുകൾ തുടങ്ങിയവയെ സംയോജിപ്പിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മൾട്ടി മോഡൽ കാർഗോ ഹബ് ആണ് മറ്റൊരു സവിശേഷത. പ്രതിവർഷം ഒരു ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും
Noida International Airport (NIA) in Jewar, Uttar Pradesh, is set for a partial opening in mid-September 2025 for domestic and cargo operations, with international services beginning in November 2025. Set to be Asia’s largest airport by area, NIA aims to boost India’s aviation growth.