ഇലക്ട്രോണിക്സ് മേഖലയിൽ ചൈന പ്രധാന ശക്തിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ അടക്കമുള്ള നിരവധി ആഗോള കമ്പനികളിൽ ചൈനീസ് തൊഴിലാളികളുടെ വിദഗ്ധ സേവനം അത്യാവശ്യമാണ്. എന്നാലിപ്പോൾ ഇന്ത്യയിൽ ഇലക്ട്രോണിക്സ് രംഗത്ത് ചൈനീസ് തൊഴിലാളികളുടെ സേവനം ഇല്ലാതാക്കാൻ ചൈന ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ചൈന ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അനൗപചാരിക വ്യാപാര നിയന്ത്രണങ്ങളിൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായം കടുത്ത ആശങ്കയിലാണ്. ചൈന ഉപയോഗിക്കുന്ന രഹസ്യ നടപടികൾ ഇന്ത്യയുടെ ആഗോള മത്സരശേഷിയെ തളർത്തുമെന്ന് ആഗോള ഇലക്ട്രോണിക്സ് കമ്പനികളെ പ്രതിനിധീകരിക്കുന്ന വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ (ICEA) അടുത്തിടെ സർക്കാരിന് അയച്ച കത്തിൽ പറയുന്നു.
ആപ്പിൾ (Apple), ഗൂഗിൾ (Google), മോട്ടറോള (Motorola), ഫോക്‌സ്‌കോൺ (Foxconn), വിവോ (Vivo), ഓപ്പോ (Oppo), ലാവ (Lava), ഡിക്‌സൺ (Dixon), ഫ്ലെക്‌സ് (Flex), ടാറ്റ ഇലക്ട്രോണിക്‌സ് (Tata Electronics) തുടങ്ങിയ പ്രമുഖ കമ്പനികളെ പ്രതിനിധീകരിക്കുന്ന വ്യവസായ സംഘടനയാണ് ഐസിഇഎ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ 32 ബില്യൺ ഡോളർ സ്മാർട്ട്‌ഫോൺ കയറ്റുമതിയെന്ന ലക്ഷ്യത്തെ അപകടത്തിലാക്കുന്നതാണ് ചൈനയുടെ നീക്കമെന്ന് ഐസിഇഎ മുന്നറിയിപ്പ് നൽകുന്നു.
ആഗോള ഉൽപ്പാദന ശക്തിയായുള്ള ഇന്ത്യയുടെ വളർച്ചയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ചൈനയുടെ നടപടികളെന്ന് ഐസിഇഎ ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ നടപടികൾ ഇന്ത്യയുടെ വിതരണ ശൃംഖലകളെ തകർക്കുമെന്നും കത്തിൽ പറയുന്നു. ചൈനയുടെ നിയന്ത്രണങ്ങൾ ഇതിനകം തന്നെ ഗണ്യമായ കാലതാമസത്തിനും നിർമ്മാതാക്കൾക്ക് ചിലവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നതായും ഐസിഇഎ കത്തിൽ കൂട്ടിച്ചേർത്തു
China’s informal trade restrictions, telling technicians to leave India, concern the Indian electronics industry and threaten smartphone export goals.