ഇന്ത്യയും മാലിദ്വീപും (Maldives) തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സ്വതന്ത്ര വ്യാപാര കരാറും (Free Trade Agreement) നിക്ഷേപ ഉടമ്പടിയും ചർച്ച ചെയ്യുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി (Vikram Misri). ഇതോടൊപ്പം പുനരുപയോഗ ഊർജ്ജം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാലിദ്വീപ് സന്ദർശനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

500 മില്യൺ ഡോളർ ഉഭയകക്ഷി വ്യാപാരത്തോടെ മാലിദ്വീപിൻറെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ടൂറിസം പോലുള്ള മേഖലകളിൽ മാലിദ്വീപിൽ ഇതിനകം തന്നെ നിരവധി ഇന്ത്യൻ നിക്ഷേപങ്ങളുണ്ട്. സാമ്പത്തിക രംഗത്ത് സ്വതന്ത്ര വ്യാപാര കരാർ, നിക്ഷേപ ഉടമ്പടി തുടങ്ങിയവയിൽ ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണെന്നും നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നതായും വിക്രം മിസ്രി പറഞ്ഞു. വ്യാപാരത്തിനപ്പുറം, മാലിദ്വീപിന്റെ വികസന പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India and the Maldives are negotiating an FTA and investment treaty to strengthen economic ties, as announced by Foreign Secretary Vikram Misri.