കേരള സ്റ്റാർട്ടപ് മിഷൻ എന്ന ബ്രാൻഡിൽ നമ്മുടെ സംസ്ഥാനം നവസംരംഭക വിപ്ലവം കുറിച്ചിട്ട് ഇപ്പോൾ 10 വർഷം ആകുന്നു. 170 കോടി ഡോളറിന്റെ വാല്യുവേഷനിലാണ് കേരളത്തിന്റെ സ്റ്റാർട്ടപ് എക്കോസിസ്റ്റം ഇന്ന്. അതായത് ഏതാണ്ട് 14,000 കോടി രൂപയുടെ മൂല്യം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തുടങ്ങിവെച്ച വിപ്ലവകരമായ മുന്നേറ്റം, പിണറായി വിജയൻ മുഖ്യമന്ത്രിയായ കഴിഞ്ഞ 10 വർഷം കൊണ്ട് വളർന്ന് തളിർത്ത് വിജയസംരംഭമായി മാറിയിരിക്കുന്നു. അതിന് പിന്നിൽ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഒരു നേതൃത്വം ഉണ്ടായിട്ടുണ്ട്! കേരള സ്റ്റാർട്ടപ് മിഷൻ, UBI Global റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച പബ്ളിക് ബിസിനസ്സ് ഇൻകുബേറ്ററുകളിൽ ഒന്നായിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ DPIIT റാങ്കിംഗിൽ മികച്ച സ്റ്റാർട്ടപ്പ് സംവിധാനങ്ങളിൽ കേരളം മൂന്ന് തവണ ഒന്നാമതായിരിക്കുന്നു. ലോകത്തെ മികച്ച 5 പബ്ലിക്ക്-പ്രൈവറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേറ്റേഴ്സിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇത് ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല.മികച്ച ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുമിച്ച് അശ്രാന്ത പരിശ്രമത്തിലൂടെ നേടിയെടുത്ത ഒന്നാണ്.
വർഷം 2012

തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ ഇടനാഴിയിൽ അടക്കിപ്പിടിച്ച ചില വർത്തമാനങ്ങൾ നടക്കുന്നു. കേരളത്തിന് പരിചയമില്ലാത്ത ഒരു പുതിയ ആശയത്തിന്റെ ചർച്ചയുടെ തുടക്കമായിരുന്നു അത്. കേരളത്തിന് ഒരുകാലത്തും പറ്റില്ല എന്ന് ഈ സംസ്ഥാനത്തെ അറിയാവുന്നവരൊക്കെ ചാപ്പ കുത്തിയ ഒരു രംഗത്ത് അതിശയകരമായ പരിവർത്തനത്തിന് തയ്യാറെടുക്കുന്നതിന്റെ ചരിത്രപരമായ ബീജാവാപമായിരുന്നു സെക്രട്ടറിയേറ്റിലെ ആ ചർച്ചകളും സംസാരവും, ചില ഭരണപരമായ തീരുമാനങ്ങളും!
2012-13 വർഷം
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്കായി ഒരു വിഹിതം നീക്കിവെക്കാൻ അന്നത്തെ സർക്കാർ തീരുമാനിക്കുന്നു. സംരംഭകത്വത്തിലേക്ക് താൽപര്യം കാണിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ് അറ്റൻഡസ് ഒരു പ്രശ്നമാകില്ല.. സംരംഭങ്ങളെ കൊല്ലുന്ന നാട് എന്ന പേരുദോഷത്തിൽ നിന്ന് കുട്ടികളുടെ മനസ്സിൽ എന്തെങ്കിലും തുടങ്ങാനും വളരാനുമുള്ള ബോധം നിറച്ച് പുതിയ ഒരു നയം അവതരിപ്പിച്ചത് മറ്റാരുമായിരുന്നില്ല, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ്. വിപ്ളവകരമായ ആ തീരമാനത്തോടെ സ്റ്റുഡന്റ് എൻട്രപ്രണർഷിപ് പോളിസി നിലവിൽ വന്നു. പുതിയ കാലത്തിന്റെ ടെക്നോളജിയായിരിക്കണം ഈ വിദ്യാർത്ഥികളിൽ നിന്ന് ഉണ്ടാകേണ്ടത് എന്ന തിരിച്ചറിവിൽ ഇന്നവേഷന് പ്രാധാന്യം നൽകണമെന്ന് ആ പോളിസി വ്യക്തമാക്കിയിരുന്നു. സംരംഭകത്വത്തിന്റെ മിന്നലാട്ടം കാണുന്ന യുവസംരംഭകരെ, ലോകത്തെ ഇന്നവേഷന്റെ കളിത്തൊട്ടിലായ സിലിക്കൺവാലിയിൽ കൊണ്ടുപോകാനും ആ സ്റ്റാർട്ടപ് എക്കോസിസ്റ്റം കണ്ട് ലഹരിപിടിക്കാനുമുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു. സ്റ്റാർട്ടപ് തുടങ്ങാൻ വരുന്ന യുവ സംരംഭകർക്ക് സർക്കാർ നൂലാമാലകളില്ലാതിരിക്കാൻ സിംഗിൾ വിന്റോ ക്ലിയറൻസും സ്റ്റാർട്ടപ് പോളിസി വാഗ്ദാനം ചെയ്തു എന്ന് മാത്രമല്ല, അത് നടപ്പാക്കുകയും ചെയ്തു. ഇന്നവേഷനിലൂടെ മാത്രമേ പുതിയ വരുമാനം തുറന്നിടാനാകൂ എന്ന തിരിച്ചറിവായിരുന്നു അത്.
2014

സർക്കാർ നയത്തിന്റെ ചുവടുപിടിച്ച് കെഎസ്ഐഡിസി യംഗ് എൻട്രപ്രണേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു. മൊബൈൽ ആപ്ലിക്കേഷനുകൾ ഡെവലപ് ചെയ്യുന്ന 50 യുവസ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ് ബോക്സുകൾ നൽകിക്കൊണ്ട്, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പറഞ്ഞത്, സ്റ്റാർട്ടപ്പുകൾക്കായി, സർക്കാർ ബില്യൺ ഡോളർ ക്യാംപസ് തുറക്കുകയാണെന്നാണ്. അതേവർഷം അന്നത്തെ ഐടി മിനിസ്റ്ററായിരുന്ന പികെ കുഞ്ഞാലിക്കുട്ടി സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾക്കായി ഐഡിയ കോൺണ്ടസ്റ്റ് ഒരുക്കി.
ഇതെല്ലാം, ഈ കേരളത്തിൽ എന്തോ ഒരു സാധ്യത ഉരുത്തിരിഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങളായിരുന്നു. നമ്മുടെ ഇത്തിരകുഞ്ഞൻ സംസ്ഥാനത്തെ ഒരു സ്റ്റാർട്ടപ് ഡെസ്റ്റിനേഷൻ ആകുന്നതിലേക്ക് നടന്ന വാംഅപ് എക്സസസൈസ് പോലെ, കേരളം കോൺഷ്യസായി ഒരു തീരുമാനം എടുക്കുന്നതിന്റെ ചൂടായിരുന്നു അതൊക്കെ! 2014-15 കാലത്ത് കേരളത്തിന് ആ മാറ്റം വന്നേ മതിയാകുകായിരുന്നുള്ളൂ. കാരണം തൊട്ടടുത്ത് ബാംഗ്ലൂർ ഓർഗാനിക്കലി വളർന്നുവരികയാണ്. നിക്ഷപകരും സർക്കാരും, ഒപ്പം ബിസിനസ്സിന് അനുകൂലമായ ചടുലമായ അന്തരീക്ഷവും പരമ്പരാഗതമായുള്ള ബാംഗ്ലൂരിന് പ്രത്യേകിച്ച് ഒരു എഫർട്ടില്ലാതെ സ്റ്റാർട്ടപ് ഹബ്ബായി മാറാൻ പറ്റുമായിരുന്നു. പക്ഷെ കേരളം അങ്ങനെയല്ല! ഒരാൾ മുന്നിട്ടിറങ്ങിയേ പറ്റൂ. അവശ്യത്തിന് പേര് ദോഷവും എന്ത് തുടങ്ങിയാലും നെഗറ്റീവും, വിമർശനവുമുള്ള കേരളത്തിന് സ്റ്റാർട്ടപ് എന്നൊക്കെ പറയുന്നത് അന്ന് ബാലികേറാമലയായിരുന്നു, പക്ഷെ ആ ഋണാത്മകമായ അന്തരീക്ഷത്തിലും സർക്കാരിന്റെ ഭാഗമായി നിന്ന് എൻട്രപ്രണർഷിപ് പോളിസിക്ക് രൂപം നൽകിയ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ആ മാറ്റത്തിന് ക്രിയാത്മകമായ റോള് വഹിച്ചു. ആരായിരുന്നു അവർ?
മുൻ പ്രിൻസിപ്പൽ സെക്രട്ടറി പിഎച്ച് കുര്യൻ, ഹൃഷികേശ് നായർ, KSUM മുൻ സിഇഒ Dr. സി. Jayasankar Prasad, ടെക്കനോപാർക്ക് സെക്രട്ടറി രജിസ്ട്രാറായിരുന്ന ആയിരുന്ന കെസി ചന്ദ്രശേഖരൻ നായർ അങ്ങനെ കുറച്ചാളുകൾ.

2012 മുതലേ സ്കൂളുകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കുന്നുണ്ടായിരുന്നു. Raspberry Pi പ്രോഗ്രാമുകൾ, ബൂട്ട് ക്യാംപുകൾ, ആക്സിലറേഷൻ പ്രോഗ്രാമുകൾ, ഇന്റർനാഷണൽ എക്സചേഞ്ച് പ്രോഗ്രാമുകൾ എന്നിവയൊക്കെ 13 വർഷം മുമ്പുള്ള ആ കാലയളവിൽ നടന്നിരുന്നുവെന്ന് മനസിലാക്കണം.
സംസ്ഥാനത്തിന്റെ ടെക്നോളജി സ്റ്റാർട്ടപ് പോളിസി നടപ്പാക്കാനുള്ള ഇംപ്ലിമെൻിംഗ് ഏജൻസിയായിരുന്നു കെഎസ്യുഎം. മികച്ച ടെക്നോളജി ആശയങ്ങളുള്ളവരെ സ്റ്റാർട്ടപ്പായി രജിസ്റ്റർ ചെയ്ത് അവരെ പ്രൊഡക്റ്റോ സർവ്വീസോ വിൽക്കാൻ പാകത്തിന് അന്തരീക്ഷം ഒരുക്കുക, അതിന് വേണ്ട മെന്ററിംഗ്, ഇൻഫ്രാസ്ട്രചക്ചർ ഫെസിലിറ്റി, സീഡ് ഫണ്ട്, സപ്പോർട്ട്, പിന്നെ എക്സ്പോഷറും. ഇതെല്ലാം അർഹരായ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുക എന്നതായിരുന്നു കെഎസ്യുഎമ്മിന്റെ ചുമതല.
വാസ്തവത്തിൽ 2002 മുതൽ ടെക്നോളജി ബിസിനസ്സ് ഇൻകുബേറ്റർ എന്ന പേരിൽ സംരംഭത്വ എക്കോസിസ്റ്റം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കേരളത്തിൽ നടന്നിരുന്നു. അത് പാകപ്പെട്ടത് 2014-15 ഓടെയായിരുന്നു എന്ന് മാത്രം. പക്ഷെ അപ്പോഴും ജനങ്ങളിലേക്കും യുവസമൂഹങ്ങളിലേക്കും യുവ സംരംഭകത്വം, സ്റ്റാർട്ടപ് എന്നീ ആശയങ്ങൾ ഒഴുകിയിറങ്ങിയിരുന്നില്ല. അതുകൊണ്ടാണ് ക്യാംപസ്സുകളിലേക്ക് കെഎസ്യുഎം ഇറങ്ങി ചെന്നത്.

കുട്ടികളിൽ സ്റ്റാർട്ടപ് മനോഭാവം വളരണം, അതിന് സാമ്പത്തിക പിന്തുണയും ഇൻഫ്രസ്ട്രക്ചർ സൗകര്യവും ഉണ്ടാകണം, കുട്ടികൾക്ക് സംരംഭകത്വത്തിൽ മെന്റർഷിപ്പും ഇൻകുബേഷൻ സൗകര്യവും ഉണ്ടാകണമെന്ന് ആ പോളിസി അടിവരയിട്ടു. അതിനായി 500 കോടിയാണ് ബജറ്റിൽ വകകൊള്ളിച്ചത്. അതിൽ സീഡ് ഫണ്ടിംഗുൾപ്പെടെ പരാമർശിച്ചിരുന്നു. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതടക്കം പോളിസി ഗൗവമുള്ളതായിരുന്നു. ആ സമയം Sijo Kuruvilla -യും Sanjay Vijayakumar-ഉം നേതൃത്വം നൽകിയിരുന്ന സ്റ്റാർട്ടപ് വില്ലേജിനെ പോളിസിയുടെ ഭാഗമാക്കി. വാസ്തവത്തിൽ കേരളത്തിൽ സ്റ്റാർട്ടപ് എന്ന ആശയത്തിന് ചുക്കാൻപിടിച്ചത് സിജോയും സഞ്ജയും ആയിരുന്നു.
2016! തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വരുന്നു. അതുവരെ കണ്ടത് കേരളത്തിന്റെ സ്റ്റാർട്ടപ് ഉത്സവത്തിന്റെ ട്രയിലറായിരുന്നുവെങ്കിൽ പിന്നങ്ങോട്ട് മുഴുനീള മാസ് ഹിറ്റ് പടം പോലെ കേരളത്തിന്റെ സ്റ്റാർട്ടപ് എക്കോ സിസ്റ്റം പുതിയ തലത്തിലേക്ക് വളരുന്നു. രാജ്യത്തെ മികച്ച എക്കോസിസ്റ്റങ്ങളിൽ ഒന്നായി, ലോകത്തെ ഒരു യുണീഖ് ഇൻകുബേഷൻ സ്പേയ്സായി നമ്മുടെ നാട് മാറുന്ന സീനുകളായിരുന്നു പിന്നെ സംഭവിച്ചത്.
പിണറായി വിജയൻ മുഖ്യമന്ത്രി ആയ 2016-ലെ ആദ്യ ടേമിൽ തന്നെ കേരള സ്റ്റാർട്ടപ് സംവിധാനം അതിന്റെ വരവറയിക്കുന്നു. ആരായിരുന്നു, കേരളത്തിന്റെ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിന് ആർജ്ജിതമായ യുവത്വവും ഭാവവും നൽകിയത് എന്നറിയാമോ? മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന സാക്ഷാൽ എം. ശിവശങ്കർ IAS!. രണ്ട് വർഷങ്ങൾകൊണ്ട് തന്നെ കേരളത്തിന്റെ സ്റ്റാർട്ടപ് സംരംഭങ്ങളുടെ ഭാവി എഴുതാൻ പാകത്തിന് കൃത്യമായ പോളിസി നിർവ്വഹണം എം ശിവശങ്കർ സാധ്യമാക്കി! ആ സമയം ജയശങ്കർ പ്രസാദിന് പിൻഗാമിയായി ഡോ സജി ഗോപിനാഥ് എത്തുന്നു, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി! പിന്നെ 5 വർഷക്കാലം കേരള സ്റ്റാർട്ടപ് മിഷൻ അതിന്റെ വിളവെടുക്കലായിരുന്നു. ജയശങ്കർ പ്രസാദ്, സ്റ്റാർട്ടപ് മിഷന്റെ ആശയത്തെ സാക്ഷാത്കരിക്കും വിധം ഒരുക്കിയെടുത്തെങ്കിൽ, കൃത്യമായ അക്കാഡമിക് ബാക്ക്ഗ്രൗണ്ടോടെ വന്ന ഡോ. സജി ഗോപിനാഥിന് കൗമാരക്കാരിലെ ടെക്നോളജി ബോധത്തെ നർച്ചറ് ചെയ്യാനും സ്റ്റാർട്ടപ് മിഷനെ രാജ്യത്തെ ഏറ്റവും മുന്തിയ എക്കോസിസ്റ്റമാക്കി വളർത്താനുമായി.
സർക്കാർ ഡിപാർട്ട്മെന്റുകൾക്ക് ടെണ്ടറില്ലാതെ സ്റ്റാർട്ടപ്പുകളിൽ നിന്ന് സർവ്വീസോ പ്രോഡക്റ്റോ വാങ്ങാനാകും വിധം സർക്കാർ നയങ്ങളെ പൊളിച്ചെഴുതി ജനകീയമാക്കി. ഇത് ഇന്ത്യയിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു.
ക്യാംപസുകളിലെ ഇന്നവേഷൻ പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ക്യാംപസിൽ നിന്നുതന്നെ സംരംഭം തുടങ്ങാനും IEDC സെല്ലുകൾ കേരളമാകെ തുടങ്ങുന്നു. അതും ഇത്ര വിപുലമായ സംവിധാനം ഇന്ത്യയിൽ അദ്യത്തേത്!
വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആരംഭിക്കുന്നു.
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ലഭിക്കുന്ന വർക്ക് ഓർഡറിന്റെ ബലത്തിൽ പതിനഞ്ചു ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്ന നയം നടപ്പാക്കുന്നു.
ബാംഗ്ലൂർ, പൂനെ പോലെയുള്ള വലിയ സ്റ്റാർട്ടപ് എക്കോ സിസ്റ്റങ്ങളിലെ നിക്ഷേപകരായ വെൻച്വർ ക്യാപിറ്റലുകൾ കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ധൈര്യപൂർവ്വം നിക്ഷേപിക്കാൻ തുടങ്ങുന്നു.
ആശയത്തെ ആവിഷ്ക്കരിച്ച് പ്രൊഡക്റ്റാക്കാൻ ഓരോ ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്കും 10 ലക്ഷം രൂപ സീഡ് ഫണ്ടായി നൽകി.
ഇന്റർനാഷണൽ എൻട്രിപ്രൂണേറിയൽ എക്സ്ചേഞ്ച് പ്രോഗ്രാം വഴി ലോകത്തെ സ്റ്റാർട്ടപ് ഹെഡ്ആപ്പീസുകളായ സിലിക്കൺ വാലി, ലണ്ടൺ, ടോക്കിയോ, തുടങ്ങിയ ഇടങ്ങളിലേക്ക് കേരള സ്റ്റാർട്ടപ്പുകളെ കൊണ്ടുപോയി, അവസരങ്ങളുടെ ജാലകം തുറന്നിട്ടു.
റിസർച്ച് ആന്റ് ഡെവലപ്മെൻ്റിനായി ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്ക് 30 ലക്ഷം രൂപ വരെ ആർ ആന്റ് ഡി ഗ്രാന്റ് നൽകി.
സെ്കെയിലപ്പ് സ്റ്റേജിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രൊഡക്റ്റ് സ്കെയിലപ്പിന് 12 ലക്ഷം രൂപ വരെ അനുവദിച്ചു. ഇതുവരെ ആയിരത്തിലധികം സ്റ്റാർട്ടപ്പുൾക്ക് 100 കോടിയോളം രൂപയുടെ ഫണ്ടിംഗ് സപ്പോർട്ട് കേരള സ്റ്റാർട്ട്പ് മിഷൻ നൽകിയിരിക്കുന്നു. 10 ലക്ഷത്തിലധികം സ്ക്വയർ ഫീറ്റിൽ ഡെഡിക്കേറ്റഡ് സ്റ്റാർട്ടപ് സ്പേസ് ഒരുക്കിയെടുത്തിരിക്കുന്നു! 6500-ലധികം സ്റ്റാർട്ടപ്പുകളുടെ വലിയ സംരംഭകത്വ അന്തരീക്ഷം കെട്ടിപ്പടുത്തിരിക്കുന്നു. ഈ സ്റ്റാർട്ടപ്പുകൾ വഴി തുറന്നിട്ട തൊഴിലവസരങ്ങൾ പ്രത്യക്ഷവും പരോക്ഷവുമായി എത്രയെന്ന് അറിയുമോ, ഒരു ലക്ഷത്തോളം!

ഓരോ സെക്ടറിനും അനുയോജ്യമായ വൈവിദ്ധ്യമായ ഇൻകുബേഷനും ആക്സിലറേഷനുമുള്ള സ്പേസ് ഉണ്ട് എന്നതാണ് നമ്മുടെ എക്കോസിസ്റ്റത്തിന്റെ പ്രത്യേകത. അത് അങ്ങനെ അങ്ങ് രൂപപ്പെട്ടതല്ല, അങ്ങനെ വളർത്തിക്കൊണ്ടു വന്നതാണ്. ബയോടെക്നോളജി സ്റ്റാർട്ടപ്പുകൾക്കുള്ള ബയോനെസ്റ്റ്, ഇലക്രോണിക് ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്കുള്ള മേക്കർ വില്ലേജ്, നിരവധി ആക്സിലേറ്ററുകൾ എന്നിവയും സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. റിസർച്ച് പേപ്പറുകളിലുറങ്ങുകയായിരുന്ന ആശയങ്ങളെ സ്റ്റാർട്ടപ്പിന് ഇന്ധനമാക്കാൻ സഹായിക്കുന്ന റിസർ്ച്ച് ഇന്നവേഷൻ നെറ്റ് വർക്ക് കേരള അഥവാ റിങ്ക്! 150-ഓളം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഗവേഷകർക്കും അതിനോടനുബന്ധിച്ചുള്ള സ്റ്റാർട്ടപ്പുകൾക്കും ഫണ്ടിംഗ് അടക്കം റിങ്ക് ഉറപ്പാക്കുന്നു.
ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ് വർ്ക്ക്, യൂണികോൺ ഇന്ത്യ വെഞ്ചേഴ്സ്, മുംബൈ ഏയ്ഞ്ചൽ നെറ്റ് വർക്ക്, മലബാർ ഏയ്ഞ്ചൽസ്, കേരള ഏയ്ഞ്ചൽ നെറ്റ് വർക്ക് തുടങ്ങി നിരവധി ഫണ്ടിംഗ് ഏജൻസികൾ കേരള സ്റ്റാർട്ടപ്പുകളിൽ ഗൗരവമുള്ള നിക്ഷേപം നടത്തുന്നു.

കേരളം മികച്ചതാണെന്ന് പറയുമ്പോ, ബാംഗ്ലൂരിനേയും മറ്റ് സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തി കുറ്റം പറയാൻ പലരും ഉണ്ടാകും. ഓർക്കുക, പരിമതികളിൽ നിന്നും വെല്ലുവിളികളിൽ നിന്നുമാണ് ഓരോ മുന്നേറ്റങ്ങളും സൃഷ്ടിക്കപ്പെടുന്നത്.
Kerala Startup Mission (KSUM) has completed 10 years, growing Kerala’s startup ecosystem to a ₹14,000 crore (USD $1.7 billion) valuation with over 6,500 startups and 1 lakh jobs created. It began in 2012 under CM Oommen Chandy with key policies like the Student Entrepreneurship Policy, promoting innovation, single-window clearance, and seed funding. Leaders like PH Kurian, Dr. Jayasankar Prasad, Dr. Saji Gopinath, and M. Sivasankar IAS played big roles. After 2016, under CM Pinarayi Vijayan, Kerala became India’s top-ranked startup ecosystem (DPIIT) and was listed by UBI Global among the world’s best public incubators. KSUM set up IEDCs, RINK, BioNest, Maker Village, and gave up to ₹10 lakh seed funding and ₹30 lakh R&D grants. Women got low-interest loans, and startups got government orders without tenders. Kerala startups gained global exposure via programs to Silicon Valley, London, and Tokyo. Major VC firms like Indian Angel Network and Unicorn India Ventures now invest here, making Kerala a strong and unique startup hub.