ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി (F35 B) തകരാർ കാരണം അടിയന്തര ലാൻഡിങ് നടത്തിയത് മുതൽ പ്രശ്നങ്ങൾ പരിഹരിച്ചു മടങ്ങുന്നതുവരെ സമ്പൂർണ സഹായം നൽകിയ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന് (TRV) നന്ദി പറഞ്ഞ് യുകെ സംഘം മടങ്ങി. യുകെ റോയൽ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് തോം സോയർ (Thom Sawyer) എയർപോർട്ട് അധികൃതർക്ക് നന്ദി അറിയിച്ചു. റോയൽ എയർഫോഴ്സിന്റെ മിലിട്ടറി മെമെന്റോയും അദ്ദേഹം വിമാനത്താവള അധികൃതർക്ക് കൈമാറി. എഫ് 35ന്റെ ചിത്രം ഉൾപ്പെടെയാണ് റോയൽ എയർഫോഴ്സ് വിമാനത്താവളത്തിനു ഉപഹാരമായി നൽകിയത്. തിരുവനന്തപുരം വിമാനത്താവള അധികൃതരും റോയൽ എയർഫോഴ്സിന് മെമെന്റോ നൽകി ആദരിച്ചു.

ആദരിക്കൽ ചടങ്ങുകൾക്കു ശേഷം 17 അംഗ ബ്രിട്ടീഷ് സംഘം മടങ്ങി. റോയൽ എയർഫോഴ്സ് എ 400 (A400) വിമാനത്തിലാണ് സംഘം തിരികെപ്പോയത്. സംഘാംഗങ്ങളെയും വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച സാങ്കേതിക ഉപകരണങ്ങളും ഇതേ വിമാനത്തിൽ തിരികെ കൊണ്ടുപോയി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കാരണം 39 ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന എഫ് 35 യുദ്ധവിമാനം ചൊവ്വാഴ്ച തിരികെ പോയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിമാനത്തിന്റെ അറ്റകുറ്റപണികൾക്കായി കേരളത്തിലെത്തിയ റോയൽ എയർഫോഴ്സ് സംഘത്തിന് ഊഷ്മള യാത്രയയപ്പു നൽകിയതും അവർ മടങ്ങിയതും.
The UK Royal Air Force team, after repairing an F-35B warplane, departed Thiruvananthapuram, expressing gratitude for the airport’s extensive support.