ഇന്ത്യ-യുഎസ് ബഹിരാകാശ ഏജൻസികളുടെ ആദ്യത്തെ സംയുക്ത ഉപഗ്രഹമായ നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR) ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയും (NASA) സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ (Satish Dhawan Space Centre) നിന്ന് ഇന്ന് വൈകിട്ട് 5.40നായിരുന്നു വിക്ഷേപണം. കാലാവസ്ഥാവ്യതിയാനം, ഭൗമോപരിതലത്തിലുള്ള ചെറിയ മാറ്റങ്ങൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നിസാർ. ഐഎസ്ആർഓയുടെ ജിഎസ്എൽവി-എഫ്16 റോക്കറ്റിലാണ് (Geosynchronous Satellite Launch Vehicle, GSLV) നിസാർ ഉപഗ്രഹം വിക്ഷേപിച്ചത്.
2392 കിലോഗ്രാം ഭാരമുള്ള നിസാർ സവിശേഷ ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. ഇരട്ട ഫ്രീക്വൻസിയുള്ള സിന്തറ്റിക് അപ്പർച്ചർ റഡാറിലൂടെ (SAR) ഭൂമിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്താൻ ഈ ഭൗമനിരീക്ഷണ ഉപഗ്രഹത്തിനാകും. നാസയുടെ ദീർഘ തരംഗദൈർഘ്യമുള്ള റഡാറും (L-band) ഐഎസ്ആർഒയുടെ ഹ്രസ്വതരംഗ ദൈർഘ്യമുള്ള റഡാറും (S-band) ഉപയോഗിച്ച് ഭൗമോപരിതലത്തിലെ ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ നൽകാൻ നിസാറിന് കഴിയും.
GSLV successfully launched the NISAR satellite, the first joint mission by ISRO and NASA, from Sriharikota, for advanced Earth observation.