സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗിലൂടെ (KCL) സാധ്യമാകുന്നതെന്ന് ശശി തരൂർ എംപി (Shashi Tharoor). കേരള ക്രിക്കറ്റ് ലീഗ് ടീമായ അദാനി ട്രിവാൻഡ്രം റോയൽസിന്റെ (Trivandrum Royals) മുഖ്യ രക്ഷാധികാരിയായി ചുമതലയേറ്റതിനു പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. രണ്ടാം സീസണിന് മുന്നോടിയായി ശശി തരൂർ ട്രിവാൻഡ്രം റോയൽസ് രക്ഷാധികാരിയായതായി ടീം അധികൃതർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. സംവിധായകൻ പ്രിയദർശൻ (Priyadarshan) ജോസ് പട്ടാറ (Jose Pattara) എന്നിവർ നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Pro vision sports management private limited) കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്.

തിരുവനന്തപുരത്തെ പിന്നോക്ക മേഖലകളിൽനിന്നും നിന്നും തീരപ്രദേശങ്ങളിൽനിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാൻഡ്രം റോയൽസിന്റെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. തനിക്ക് ഏറെ താൽപര്യമുള്ള ലക്ഷ്യം കൂടിയാണിത്. ആ ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തതെന്നും ശശി തരൂർ വ്യക്തമാക്കി.
ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ നടക്കുക. അദാനി ട്രിവാൻഡ്രം റോയൽസിനു പുറമേ ഏരീസ് കൊല്ലം സെയിലേഴ്സ് (Aries Kollam Sailors), കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (Calicut Globstars), കൊച്ചി ബ്ലൂ ടൈഗേഴ്സ് (Kochi Blue Tigers), തൃശൂർ ടൈറ്റൻസ് (Thrissur Titans), ആലപ്പി റിപ്പിൾസ് (Alleppey Ripples) എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക.
Shashi Tharoor becomes Chief Patron of Adani Trivandrum Royals, calling KCL a golden opportunity for Kerala’s youth cricket talent to shine nationally.