സംസ്ഥാനത്തെ ഖരമാലിന്യ സംസ്കരണം അടക്കമുള്ളവ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം തരംതിരിച്ച് സംസ്കരിക്കുന്നതിനായുള്ള മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം തന്നെ ആറ് റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ (RDF) പ്ലാന്റുകൾ അടക്കം 17 പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ നീക്കം.

സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും. നാല് പ്ലാന്റുകളാണ് സാനിറ്ററി മാലിന്യം കൈകാര്യം ചെയ്യുന്നതിനായി ഒരുക്കുക. നിലവിൽ ആറ് തദ്ദേശ സ്ഥാപനങ്ങളിൽ സാനിട്ടറി മാലിന്യ സംസ്കരണത്തിനായുള്ള ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ നിലവിലുണ്ട്. പുതിയ പ്ലാൻ്റുകളിലൂടെ പ്രതിദിനം 80 മുതൽ 100 ടൺ വരെ സാനിറ്ററി മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം. മാലിന്യസംസ്കരണത്തിന് കേരളത്തിലെങ്ങും ഏഴു സിബിജി പ്ലാന്റുകളും (CBG Plant) സ്ഥാപിക്കുന്നുണ്ട്.