വിജയത്തിലെത്താൻ ഇടവേളകളില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കണമെന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖലകളിൽ ഒന്നായ ജെംസ് എജ്യുക്കേഷൻ (GEMS Education) സ്ഥാപകനും മലയാളിയുമായ സണ്ണി വർക്കി. ബിസിനസ് വിജയത്തിന് 24/7 ജോലിചെയ്യേണ്ടത് അനിവാര്യമാണെന്ന് യുഎഇ പോഡ്കാസ്റ്റർ അനസ് ബുഖാഷുമായി (Anas Bukhash) സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചെറിയ തുടക്കത്തിൽ നിന്നും ആരംഭിച്ച് ലോകം മുഴുവൻ പടർന്ന വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ മനസ്സുതുറന്നു. നിശ്ചയദാർഢ്യം, കൃത്യനിഷ്ഠ എന്നിവയ്ക്കൊപ്പം ചെയ്യുന്ന പ്രവൃത്തിയോടുള്ള അടങ്ങാത്ത പാഷനാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സണ്ണി വർക്കിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. ചിലർ അദ്ദേഹത്തിന്റെ വാക്കുകളെ പ്രചോദനപരമായി കാണുമ്പോൾ മറ്റു ചിലർ ഇടവേളകളില്ലാതെ മുഴുവൻ സമയവും ജോലി ചെയ്യുക എന്നതിനെ എതിർക്കുന്നു. വർക്ക് ലൈഫ് ബാലൻസിനെക്കുറിച്ചുള്ള ബിസിനസ് തലവൻമാരുടെ പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്കു വഴിവെയ്ക്കാറുണ്ട്. ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ വാക്കുകൾ അടുത്തിടെ വിവാദത്തിനിടയാക്കിയിരുന്നു. ഇപ്പോൾ സണ്ണി വർക്കിയുടെ പ്രസ്താവനയേയും ചിലർ അത്തരത്തിലാണ് വ്യാഖ്യാനിക്കുന്നത്.
GEMS Education founder Sunny Varkey’s comment about working 24/7 for success has sparked controversy, reminiscent of N.R. Narayana Murthy’s remarks.