2016ലെ സിവിൽ സർവീസ് പരീക്ഷയിൽ 50ആം റാങ്ക് നേടിയതോടെയാണ് സുരഭി ഗൗതം (Surabhi Gautam) ദേശീയശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സദ്ന ജില്ലയിലെ ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന സുരഭി സർക്കാർ സ്കൂളുകളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ചായിരുന്നു സിവിൽ സർവീസ് നേട്ടത്തിലെത്തിയത്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടിയ സുരഭിക്ക് എന്നാൽ റുമാറ്റിക്ക് ഫീവർ ബാധിച്ച് 12ആംതരം പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചു. എന്നാൽ ഇതിനോട് പടവെട്ടി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സുരഭി എൻജിനീയറിങ് എൻട്രൻസിൽ മികച്ച റാങ്കോടെ ഭോപ്പാൽ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ പ്രവേശനം നേടി. അതുവരെ ഹിന്ദി മീഡിയത്തിൽ മാത്രം പഠിച്ച സുരഭിക്ക് കോളേജ് സിലബസ്സിലെ ഇംഗ്ലീഷ് പ്രശ്നമായി. തുടർന്ന് ഇംഗ്ലീഷ് പ്രത്യേകം പഠിച്ച് സുരഭി ആ കടമ്പയും തരണം ചെയ്തു. തുടർന്ന് യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടെ എൻജിനീയറിങ് പൂർത്തിയാക്കി.

പഠനശേഷം ടാറ്റ കൺസൽറ്റൻസി സർവീസിൽ (TCS) ജോലി കിട്ടിയെങ്കിലും സിവിൽ സർവീസ് സ്വപ്നം കണ്ട് ജോലിയിലേക്കു പ്രവേശിച്ചില്ല. സിവിൽ സർവീസിനു മുൻപ് ഐഎസ്ആർഒ, ബിഎആർസി, ഡൽഹി പൊലീസ് തുടങ്ങി നിരവധി പരീക്ഷകളിലും സുരഭിക്ക് സിലക്ഷൻ ലഭിച്ചിരുന്നു. 2013ൽ ഇന്ത്യൻ എൻജിനീയറിങ് സർവീസ് സിലക്ഷൻ ലഭിച്ച സുരഭി 2016ൽ ആദ്യ ശ്രമത്തിലാണ് ഐഎഎസ് നേട്ടത്തിലെത്തിയത്. ഗുജറാത്ത് കേഡർ ഓഫിസറായാണു സുരഭി സർവീസിൽ പ്രവേശിച്ചത്.
എത്ര തടസ്സങ്ങളുണ്ടായാലും നിശ്ചയദാർഢ്യം കൊണ്ട് അവയെ തട്ടിമാറ്റി വിജയം നേടാം എന്നതിന്റെ തെളിവാണ് സുരഭിയുടെ ജീവിതം.
inspiring story of Surabhi Gautam, who overcame language barriers and health issues to become an IAS officer with a 50th rank in 2016.