കൂടുതൽ യാത്രാസൗഹൃദ നീക്കങ്ങളുമായി ഇന്ത്യയും ഫിലിപ്പീൻസും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിലേക്കുള്ള വിസ-ഫ്രീ എൻട്രിക്കു പിന്നാലെ ഇന്ത്യയിലേക്കുള്ള ഫിലിപ്പീൻസ് യാത്രക്കാർക്ക് സൗജന്യ ഇ-വിസയും നിലവിൽ വന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം. ഇന്ത്യ–ഫിലിപ്പീൻസ് യാത്രയ്ക്ക് വിസാ സൗജന്യത്തോടെ വലിയ ഉണർവു ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യാ സന്ദർശനത്തിനെത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറും (Ferdinand R. Marcos Jr.) തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനം. മെയ് മാസത്തിൽ തന്നെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിലേക്ക് വിസ രഹിത പ്രവേശനം ഉറപ്പാക്കിയിരുന്നു. ഇപ്പോൾ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയോടെ ഇന്ത്യയിലേക്കുള്ള ഫിലിപ്പീൻസ് യാത്രക്കാർക്ക് സൗജന്യ ഇ-വിസ അടക്കമുള്ളവ ലഭ്യമാകും. നയതന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം കൂടുതൽ ഉറപ്പിച്ചുകൊണ്ട് ഡൽഹിക്കും മനിലയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
Travel between India and the Philippines is set to boom with new visa-free entry for Indians and free e-visas for Filipinos, boosting tourism and bilateral relations.