ഷാങ്ഹായ് ഉച്ചകോടിയിൽ (SCO) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ടിയാൻജിൻ സിറ്റിയിൽ (Tianjin) നടക്കുന്ന ഉച്ചകോടിയിലാണ് മോഡി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉള്ളത്. ഗാൽവൻ സംഘർഷത്തിനു (Galwan Clash) ശേഷം മോഡിയുടെ ആദ്യ ചൈന സന്ദർശനം ആകുമിത്. അതേസമയം മോഡിയുടെ സന്ദർശനത്തെക്കുറിച്ച് ദേശീയമാധ്യമങ്ങൾ അടക്കം വാർത്തകൾ നൽകിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഷാങ്ഹായ് ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് (Xi Jinping) ആണ് ആതിഥേയത്വം വഹിക്കുക. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ (Vladimir Putin) ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മോഡിയുടെ പങ്കാളിത്തം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങുമായുള്ള മോഡിയുടെ ഉഭയകക്ഷി ചർച്ചയുടെ അജണ്ട ചർച്ച ചെയ്യാൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി (Wang Yi) ഇന്ത്യയിലേക്കെത്തും എന്നും റിപ്പോർട്ടുണ്ട്.
2018 ജൂണിൽ എസ്സിഒ ഉച്ചകോടിക്കായാണ് മോഡി അവസാനമായി ചൈന സന്ദർശിച്ചത്. ബ്രിക്സ് (BRICS) രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നരേന്ദ്ര മോഡിയുടെ നീക്കമെന്നാണ് വിലയിരുത്തൽ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ട്രംപ് ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശന വാർത്ത വരുന്നത് എന്നതും ശ്രദ്ധേയമാണ്
Prime Minister Narendra Modi is reportedly set to visit China for the SCO summit, his first trip since the Galwan clash, sparking discussions on India-China relations.