15 വർഷം കാലാവധികഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് ആക്രിയാക്കാൻ ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും അനുമതി. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ്ര അനുമതി കിട്ടിയത്. രജിസ്റ്റേർഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫസിലിറ്റി (ആർവിഎസ്എഫ്) എന്നാകും പൊളിക്കൽ കേന്ദ്രങ്ങൾ അറിയപ്പെടുക. വാഹനത്തിന്റെ ഉടമക്ക് സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് ലഭിക്കും. പുതിയവണ്ടി വാങ്ങുമ്ബോള്‍ പഴയതു സ്ക്രാപ്പ് ചെയ്ത ഉടമയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന സൗകര്യം കേന്ദ്രത്തിന്റെ പരിഗണനയിൽ ഉള്ളതിനാൽ സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് അവിടെ ഉപകാരപ്പെടും. ഒപ്പം പൊളിക്കുന്ന വാഹനത്തിനു സർക്കാരിന് 3.26 ശതമാനം കമ്മീഷൻ ലഭിക്കും . രാജ്യത്ത് ആദ്യമായി ഈ അനുമതി കിട്ടുന്ന പൊതുമേഖലാ സ്ഥാപനം സില്‍ക്കാണ്.
സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ രജിസ്റ്റേർഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫസിലിറ്റികൾക്കാണ് സില്‍ക്കിന് കരാർ കിട്ടിയത്. മധ്യമേഖലയിലെ കരാർ കെഎസ്ആർടിസിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശമെന്നറിയുന്നു. രജിസ്റ്റേർഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് യൂണിറ്റുകൾ വഴി വായുമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. വടക്കൻമേഖലയിലെ കേന്ദ്രം കണ്ണൂർ അഴീക്കലാണ്. തെക്കൻ മേഖലയിലേത് തിരുവനന്തപുരത്തോ ചേർത്തലയിലോ ആയിരിക്കും.

ഒരുവാഹനം പൊളിക്കുമ്പോള്‍, ആ വാഹനം പൊളിക്കാനായി വാങ്ങിയതിന്റെ 3.26 ശതമാനം തുക സർക്കാരിന് അടയ്ക്കണം. സില്‍ക്കിലെ എൻജിനീയറിങ് വിഭാഗമായിരിക്കും വില നിശ്ചയിക്കുക. വിവിധ സർക്കാർ വകുപ്പുകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളായിരിക്കും ആദ്യഘട്ടത്തില്‍ പൊളിക്കുക. സംസ്ഥാനത്ത് നിലവില്‍ 15 വർഷം കഴിഞ്ഞതിനെ തുടർന്ന് 4072 വാഹനങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. 1049 വണ്ടികള്‍ ഇത്തരത്തിൽ പോലീസിനുണ്ട്. ആരോഗ്യവകുപ്പിന്റെ 704 വണ്ടികളുണ്ട്. ഇതടക്കം വാഹനങ്ങള്‍ അതാതു വകുപ്പുകളിൽ നിന്നും സില്‍ക്ക് വാങ്ങും.
വണ്ടികള്‍ പൊളിച്ചശേഷം സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് നല്‍കും. ഈ സർട്ടിഫിക്കറ്റുമായി ആർടി ഓഫീസിലെത്തി രജിസ്ട്രേഷൻ റദ്ദാക്കാം. പുതിയ വണ്ടി വാങ്ങുമ്പോള്‍ ഉടമയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന സൗകര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. അതിന് സ്ക്രാപ്പ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും .
15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് വെഹിക്കിള്‍ സ്ക്രാപ്പിങ് യൂണിറ്റുകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിർദേശം കൊടുത്തത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള മാർഗരേഖ ഇറക്കിയിരുന്നു.
ടാറ്റ അടക്കമുള്ള വൻകിട ഗ്രൂപ്പുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ സ്വകാര്യ ഏജൻസികള്‍ വേണ്ട എന്ന നയം സംസ്ഥാന സർക്കാരെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ടെൻഡർ ക്ഷണിച്ചത്.
Kerala’s public sector unit, SILK, is the first in India to get central approval for a Registered Vehicle Scrapping Facility for old vehicles.