ഡൽഹി എയ്റോസിറ്റിയിൽ ഇന്ത്യയിലെ രണ്ടാമത്തെ എക്സ്പീരിയൻസ് സെന്റർ ആരംഭിച്ച് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല (Tesla). സെപ്റ്റംബറോടെ ഇന്ത്യയിൽ ഡെലിവെറി ആരംഭിക്കാൻ ഒരുങ്ങുന്ന ടെസ്ല ഡൽഹി-എൻസിആർ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ സൂപ്പർ ചാർജിംഗ് ശൃംഖല (super charging network) വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഗുരുഗ്രാമിലും നോയിഡയിലും സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും സാകേതിൽ ഒരു സ്റ്റേഷൻകൂടി സ്ഥാപിക്കാനും പദ്ധതിയിടുന്നതായി ടെസ്ല സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ ഇസബെൽ ഫാൻ (Isabel Fan) ഡൽഹി എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
കഴിഞ്ഞ മാസം മുംബൈയിൽ ആദ്യ ഷോറൂം ലോഞ്ച് ചെയ്തതിനു പിന്നാലെയാണ് ടെസ്ല ഇപ്പോൾ ഡൽഹി ഷോറൂമും ആരംഭിച്ചിരിക്കുന്നത്. ഡൽഹിക്കും മുംബൈയ്ക്കും കമ്പനി മുൻഗണന നൽകുന്നതായി ഇസബെൽ ഫാൻ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഗുരുഗ്രാമിൽ സൂപ്പർചാർജിംഗ് സ്റ്റേഷൻ തുറക്കും. തുടർന്ന് സാകേതിലും (സൗത്ത് ഡൽഹി) നോയിഡയിലും മറ്റ് സ്ഥലങ്ങളിലും സൂപ്പർചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിൽ നിലവിലുള്ള സൂപ്പർചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ ലോവർ പരേൽ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ടെസ്ല പദ്ധതിയിടുന്നത്. ഒപ്പം ബെംഗളൂരുവിലും സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ വരും. ഇതിനു പുറമേ ടെസ്ല ഇന്ത്യയിൽ മൊബൈൽ സർവീസ്, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, സർവീസ് സെന്റർ, ടെസ്ല അപ്രൂവ്ഡ് കൊളിഷൻ സെന്റർ എന്നിവ ആരംഭിക്കുമെന്നും ഇസബെൽ പറഞ്ഞു. ₹59.89 ലക്ഷം മുതൽ വിലയിൽ ആരംഭിക്കുന്ന മോഡൽ Y ആണ് ടെസ്ല ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.
Tesla has launched its second India showroom in Delhi’s Aerocity, with plans for a supercharging network and deliveries to begin by September.