ഇന്ത്യ 79ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതേ ദിവസം തന്നെ മറ്റൊരു അഭിമാന സ്ഥാപനവും ജന്മദിനം ആഘോഷിക്കുന്നു-1969, ഓഗസ്റ്റ് 15ന് രൂപീകൃതമായ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ എന്ന ഐഎസ്ആർഒ. കഴിഞ്ഞ 56 വർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് ഉയിരും ഉശിരുമായ ഐഎസ്ആർഒ നേട്ടങ്ങൾ നോക്കാം.
ആര്യഭട്ട, (Aryabhata, 1975)
ആര്യഭട്ട എന്ന ആദ്യ ഉപഗ്രഹത്തിലൂടെയാണ് ഇന്ത്യയുടെ യഥാർത്ഥ ബഹിരാകാശ യാത്ര ആരംഭിക്കുന്നത്. 365 കിലോഗ്രാം ഭാരമുള്ള സാറ്റലൈറ്റ് സോവിയറ്റ് സഹകരണത്തോടെയായിരുന്നു നിർമിച്ചത്.

എസ്എൽവി 3 (SLV-3 , 1980)
ആദ്യ ഉപഗ്രഹത്തിനും അഞ്ചു വർഷങ്ങൾക്കു ശേഷം ഐഎസ്ആർഒ രാജ്യത്തിനു ആദ്യ ഇന്ത്യൻ നിർമിത ലോഞ്ച് വെഹിക്കിൾ നൽകി. അതേവർഷം സാറ്റൈലൈറ്റ് ലോഞ്ച് വെഹിക്കിൾ 3 എന്ന എസ്എൽവി ത്രീയിൽ രോഹിണി ഉപഗ്രഹം (Rohini satellite) വിക്ഷേപിക്കപ്പെട്ടു.
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം (INSAT) സീരീസ് (1983)
1983ൽ ആദ്യമായി വിക്ഷേപിച്ച ഇൻസാറ്റ് പരമ്പര ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ മാറ്റിമറിച്ചു. ഇന്ന് ജിയോസ്റ്റേഷണറി ഓർബിറ്റിൽ ഒൻപത് പ്രവർത്തനക്ഷമമായ കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുള്ള ഇൻസാറ്റ് സിസ്റ്റം ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ആഭ്യന്തര ആശയവിനിമയ ഉപഗ്രഹ ശൃംഖലകളിൽ ഒന്നാണ്.
ജിഎസ്എൽവി (GSLV, 2001)
2001ൽ ആരംഭിച്ച ISROയുടെ ജിയോസിൻക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV) പ്രോഗ്രാം ഇന്ത്യയെ ജിയോസ്റ്റേഷണറി ഓർബിറ്റിലേക്ക് കൂടുതൽ ഭാരമേറിയ പേലോഡുകൾ വിക്ഷേപിക്കാൻ അനുവദിച്ചു.
റിസാറ്റ്-1 (RISAT-1, 2012)
2012 ഏപ്രിൽ 26ന് റഡാർ ഇമേജിങ് സാറ്റലൈറ്റ്-1 (RISAT-1) വിക്ഷേപിച്ചതോടെ കനത്ത പ്രതിബന്ധങ്ങളിലൂടെ പോലും ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ കഴിവുള്ള, ഇന്ത്യയുടെ ആദ്യത്തെ റഡാർ ഇമേജിംഗ് ഉപഗ്രഹം അവതരിപ്പിക്കപ്പെട്ടു.
മംഗൾയാൻ (Mangalyan, 2013)
2013 നവംബർ 5ന് മാർസ് ഓർബിറ്റർ മിഷൻ (MOM) അഥവാ മംഗൾയാൻ എന്ന ചൊവ്വാ പര്യവേഷണ ദൗത്യം വിക്ഷേപിച്ചതാണ് ഐഎസ്ആർഒയുടെ ഏറ്റവും പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത്. ദൗത്യത്തിലൂടെ 2014 സെപ്റ്റംബർ 24 ന് ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
പിഎസ്എൽവി-സി37 (PSLV-C37, 2017)
വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ് ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പിഎസ്എൽവി. 2017 ഫെബ്രുവരി 15ന്, ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ട് പിഎസ്എൽവി-സി37 ആഗോളതലത്തിൽ വാർത്തകളിൽ ഇടം നേടി.
ചന്ദ്രയാൻ ദൗത്യങ്ങൾ (Chandrayaan Missions)
ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 (2008), ചന്ദ്രനിലെ ജല തന്മാത്രകളിൽ സുപ്രധാന കണ്ടെത്തൽ നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ലക്ഷ്യമിട്ടായിരുന്നു ചന്ദ്രയാൻ-2 ദൗത്യം (2019). ദൗത്യത്തിൽ ലാൻഡർ തകർന്നെങ്കിലും ഓർബിറ്റർ വിലപ്പെട്ട വിവരങ്ങൾ നൽകുന്നത് തുടർന്നു. 2023 ഓഗസ്റ്റ് 23ന് ചന്ദ്രയാൻ-3 (2023) ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ലാൻഡിംഗ് നടത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി.
ആദിത്യ-എൽ1 (Aditya-L1, 2023)
2023 സെപ്റ്റംബർ 2ന് വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത ദൗത്യമാണ്. ലഗ്രാഞ്ച് പോയിന്റ് 1ൽ (Lagrange point 1) സ്ഥാപിച്ചിരിക്കുന്ന ആദിത്യ-എൽ1 സോളാർ കൊറോണ, ക്രോമോസ്ഫിയർ, സോളാർ വിൻഡ് എന്നിവ നിരീക്ഷിക്കുകയും, ഉപഗ്രഹങ്ങൾ, പവർ ഗ്രിഡുകൾ, ആശയവിനിമയങ്ങൾ എന്നിവയെ തടസ്സപ്പെടുത്തുന്ന ബഹിരാകാശ കാലാവസ്ഥ പ്രവചിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുകയും ചെയ്യുന്നു