യുപിഎസ് സി അടക്കമുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരിചിതമായ പേരാണ് ഖാൻ സാർ എന്നറിയപ്പെടുന്ന ഫൈസൽ ഖാന്റേത് (Khan Sir, Faizal Khan). യുപിയിലെ ചെറുഗ്രാമത്തിൽ നിന്നുള്ള ഫൈസൽ ഖാൻ എന്നാൽ സ്വപ്നങ്ങൾ ഒട്ടും ചെറുതാക്കിയില്ല. സൈനിക് കോളേജിലേക്കുള്ള പ്രവേശനത്തിനും എൻഡിഎ പ്രവേശനത്തിനുമെല്ലാം ഫൈസൽ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഓരോ തവണയും പരാജയമായിരുന്നു ഫലം. അങ്ങനെയിരിക്കെയാണ് ഫൈസൽ ട്യൂഷനെടുക്കാൻ ആരംഭിച്ചത്. ഫൈസൽ ട്യൂഷനെടുത്ത വിദ്യാർത്ഥി ക്ലാസ്സിൽ ഒന്നാമതായതോടെ കൂടുതൽ വിദ്യാർത്ഥികളെത്തി. അവിടെനിന്നാണ് സ്വന്തമായി കോച്ചിങ് സെന്റർ ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ബസ്സ് കൂലിയായി 90 രൂപ പോലും തികച്ചെടുക്കാൻ ഇല്ലാത്ത സന്ദർഭമായിരുന്നു അത്. നിരവധി പേരുടെ സഹായത്തോടെ ആരംഭിച്ച കോച്ചിങ് സെന്റർ നല്ല രീതിയിൽത്തന്നെ മുന്നോട്ടു പോയി. എന്നാൽ ആ മുന്നേറ്റം ആരെയൊക്കെയോ ചൊടിപ്പിച്ചു. ചിലയാളുകൾ ചേർന്ന് കോച്ചിങ് സെന്റർ ബോംബ് വെച്ചു തകർത്തു. എന്നാൽ ബോംബിൽ ചിതറിയത് കെട്ടിടം മാത്രമായിരുന്നു, ഫൈസലിന്റെ ഇച്ഛാശക്തിയെ തൊടാനായില്ല ആ ബോംബിന്. പിന്നീട് വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ ഫൈസൽ ഖാൻ കോച്ചിങ് സെന്റർ വീണ്ടും ഉയർത്തി. കൊറോണ കാലമായതോടെ ഓൺലൈനിലും സജീവമായി.

ഖാൻ ഗ്ലോബൽ സ്റ്റഡീസ് (Khan Global Studies) എന്ന സ്ഥാപനത്തിന്റെ വളർച്ച വലുതായിരുന്നു. പിന്നാലെ അദ്ദേഹം ഖാൻ ജിഎസ് റിസേർച്ച് സെന്ററും ആരംഭിച്ചു. ആയിടയ്ക്ക് 107 കോടി രൂപയ്ക്ക് കോച്ചിങ് സെന്റർ വാങ്ങാം എന്ന വാഗ്ദാനമുണ്ടായി. എന്നാൽ കുട്ടികൾക്ക് തന്നെ ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ ഖാൻ സാർ അതിനു തയ്യാറായില്ല. ആ വാഗ്ദാനം ചെയ്തവരോട് ഒന്നുകൂടി ഖാൻ സാർ പറയാതെ പറഞ്ഞു, അധ്യാപനം എന്നത് പണത്തിനു വേണ്ടിയല്ല, ജീവിതങ്ങൾ മാറ്റി മറിക്കാനുള്ളതാണെന്ന്. അതുകൊണ്ടുകൂടിയാണ് ഖാൻ ‘സാറാകുന്നത്.’
Discover the inspiring success story of Khan Sir. Learn how he built a coaching empire and rejected a ₹107 crore offer to stay with his students.