കലൂർ ജെഎൽഎൻ സ്റ്റേഡിയം–കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ പിങ്ക് ലൈൻ (Pink Line) രണ്ടാം ഘട്ട നിർമാണം വേഗത്തിലാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഇതിന്റെ ഭാഗമായി ജെഎൽഎൻ സ്റ്റേഡിയം–ഇൻഫോപാർക്ക് പാതയിൽ സ്റ്റാൻഡേർഡ് ഗേജ് (Standard Gauge) ബാലസ്റ്റ്ലെസ് ട്രാക്ക് (Ballastless Track) സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ബാലസ്റ്റ്ലെസ് ട്രാക്കിന്റെ ഡിസൈൻ, സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയ്ക്കായാണ് ടെൻഡർ ആരംഭിച്ചിരിക്കുന്നത്. ₹127.91 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായുള്ള ഓപ്പൺ ഇ-ടെൻഡർ ഓൺലൈൻ വഴിയാണ് ക്ഷണിച്ചത്.

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (Asian Infrastructure Investment Bank – AIIB) വഴിയാണ് പദ്ധതി ധനസഹായം ലഭ്യമാക്കാൻ പദ്ധതിയിടുന്നത്. പദ്ധതിയിലെ പ്രധാന ചുവടുവയ്പായ 11.2 കിലോമീറ്റർ ട്രാക്ക് നിർമാണത്തിന് ടെൻഡർ നേടുന്ന സ്ഥാപനം 16 മാസത്തിനകം ജോലി പൂർത്തിയാക്കണം. സെപ്റ്റംബർ ഒന്നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയ്യതി. വയഡക്ട് നിർമാണം പൂർത്തിയാകുന്നതിന് അനുസരിച്ച് ട്രാക്ക് സജ്ജമാക്കും. നിലവിൽ ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള ഭാഗത്ത് തൂണുകളുടെ നിർമാണം അടക്കമുള്ളവ പുരോഗമിക്കുകയാണ്. ഇവിടെനിന്നാണ് ആദ്യ ട്രാക്ക് ഒരുക്കുക. ട്രാക്കിന്റെ രൂപകൽപന, വയഡക്ടിനു മുകളിൽ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് ഇപ്പോൾ ടെൻഡർ വിളിച്ചിരിക്കുന്നത്
Kochi Metro has initiated a ₹127.91 crore tender for the ballastless track of its Phase 2 Pink Line, connecting JLN Stadium to Infopark.