ദേശീയ പാതകളിലെ ടോളിനായുള്ള ഫാസ്ടാഗ് വാർഷിക പാസ്സിന് (Annual FASTag pass) മികച്ച പ്രതികരണം. ഓഗസ്റ്റ് 15നാണ് വാർഷിക പാസ് ആരംഭിച്ചത്. നാലു ദിവസങ്ങൾക്കുള്ളിൽത്തന്നെ അഞ്ച് ലക്ഷത്തിലധികം പേർ വാർഷിക പാസ്സുകൾ എടുത്തതായി ദേശീയപാതാ അതോറിറ്റി (NHAI) അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വാർഷിക പാസ്സിന് ഏറെ ആവശ്യക്കാരുള്ളത്. തമിഴ്നാട്ടിൽ മാത്രം 1.5 ലക്ഷം പേരാണ് നാലു ദിവസങ്ങൾക്കുള്ളിൽ പാസ് എടുത്തത്. ഒരു ലക്ഷത്തോളം വാർഷിക പാസ്സുമായി കർണാടക തൊട്ടുപുറകിലുണ്ട്. ആന്ധ്രാ പ്രദേശും വാർഷിക പാസ് എടുത്തവരുടെ എണ്ണത്തിൽ മുൻപന്തിയിലുണ്ട്.

ഇടയ്ക്കിടെ ടോൾ അടയ്ക്കാൻ വാഹനം നിർത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാനാകുന്നതും, ടോൾ പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതുമാണ് വാർഷിക ഫാസ്ടാഗ് പാസിന്റെ പ്രധാന സവിശേഷതകൾ. കൂടാതെ എളുപ്പത്തിലുള്ള ആക്ടിവേഷൻ-പുതുക്കൽ സൗകര്യം, എല്ലാ ഫാസ്ടാഗ് സൗകര്യമുള്ള ടോൾ പ്ലാസകളിലേക്കുള്ള രാജ്യവ്യാപകമായ കവറേജ് എന്നിവയും പാസ്സിനെ കൂടുതൽ ജനപ്രിയമാക്കുന്നു. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 യാത്രകളോ (Trip) അതല്ലെങ്കിൽ ഒരു വർഷം വരെ ഉപയോഗിക്കാനോ സാധിക്കുന്നതാണ് വാർഷിക ഫാസ്ടാഗ് പാസ്. ഒരു വശത്തേക്ക് ടോൾ പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയി കണക്കാക്കും. ഇരുവശത്തേക്കുമുള്ള യാത്ര രണ്ടു ട്രിപ്പായാണ് പരിഗണിക്കുക. സാധുവായ ഫാസ്ടാഗുള്ള നോൺ കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് വാർഷിക ഫാസ്ടാഗ് പാസ് ലഭ്യമാക്കുന്നത്.
ദേശീയ ഫാസ്ടാഗ് വാർഷിക പാസുമായി ബന്ധപ്പെട്ട റജിസ്ട്രേഷൻ, ആക്ടിവേഷൻ എന്നിവ നടത്തുന്ന രാജ്മാർഗ് യാത്ര ആപ്പിനും (Rajmarg Yatra mobile application) വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിലെ ഓവറോൾ റാങ്കിംഗിൽ ആപ്പ് 23ആം സ്ഥാനത്തും ട്രാവൽ വിഭാഗത്തിൽ രണ്ടാമതുമാണ്. ചുരുങ്ങിയ ദിവസം കൊണ്ട് 15 ലക്ഷം ഡൗൺലോഡ്സ് ലഭിച്ച ആപ്പിന് 4.5 സ്റ്റാർ റേറ്റിങ്ങുമുണ്ട്. ആപ്പിനു പുറമേ ദേശീയപാതാ അതോറിറ്റി വെബ്സൈറ്റ് വഴിയും വാർഷിക ഫാസ്ടാഗ് പാസ്സിന് റജിസ്റ്റർ ചെയ്യാം.