അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നും നീക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ വരുന്നു. കുറഞ്ഞത് അഞ്ച് വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ പുറത്താക്കാനാണ് പുതിയ ബില്ലിലെ വ്യവസ്ഥ. ഭരണഘടന 130ആം ഭേദഗതി ബിൽ (130th Amendment Bill) പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർക്ക് ബാധകമാകും.
തുടർച്ചയായി 30 ദിവസം മന്ത്രിമാർ പൊലീസ്-ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31ആം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിലും മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. എന്നാൽ ബിൽ അനുസരിച്ച്, കസ്റ്റഡിയിൽ നിന്ന് മോചിതരാകുന്ന മന്ത്രിമാരെ തിരികെ വീണ്ടും അതാത് സ്ഥാനത്ത് നിയമിക്കുന്നതിൽ തടസ്സമില്ല.
ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന, അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയിൽ വെയ്ക്കുകയും ചെയ്യുന്ന മന്ത്രിമാരിൽ ജനങ്ങൾക്കുള്ള ഭരണഘടനാപരമായ വിശ്വാസം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും പുതിയ ബില്ലിലൂടെ പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനാകും എന്നുമാണ് വിശദീകരണം. നിലവിൽ ക്രിമിനൽ കേസുകളിൽ രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുന്നവർ അയോഗ്യരാകും എന്നതാണ് നിയമം.
A new constitutional amendment bill proposes the removal of ministers, including the PM, who are held in police or judicial custody for 30 consecutive days.