സാക്ഷരതയിൽ ചരിത്രം സൃഷ്ടിച്ചതു പോലെ ഡിജിറ്റൽ സാക്ഷരതയിലും ചരിത്രം കുറിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടുകയാണ് പെരുമ്പാവൂർ സ്വദേശിയായ 105 വയസുകാരൻ. പെരുമ്പാവൂർ ഓടക്കാലി എം.എ. അബ്ദുല്ല മൗലവി ബാഖവിയാണ് 105 വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടി ശ്രദ്ധേയനാകുന്നത്. ഡിജി കേരളം പദ്ധതിയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അബ്ദുല്ല മൗലവി.

കീപാഡ് ഫോണിൽ തുടങ്ങിയ അബ്ദുല്ലയുടെ യാത്ര കോവിഡ് കാലത്തെ ഡിജിറ്റൽ സാക്ഷരതയിലൂടെ ഇന്ന് സ്മാർട് ഫോണിൽ എത്തിനിൽക്കുന്നു. കോവിഡ് കാലത്ത് പത്രങ്ങൾ വരുന്നത് നിന്നതാണ് ഡിജിറ്റൽ ന്യൂസ് വായിക്കുന്നതിലേക്ക് തിരിയാൻ ഇടയാക്കിയത്. തദ്ദേശ വകുപ്പിന്റെ ഡിജി കോ-ഓർഡിനേറ്റർ സ്മാർട്ഫോൺ ഉപയോഗത്തിനും മറ്റും സഹായിച്ചു. ഇന്ന് അതുംകടന്ന് വാട്സ്ആപ്പും യൂട്യൂബും ഫെയിസ്ബുക്കുമെല്ലാം അദ്ദേഹം അനായാസം ഉപയോഗിക്കുന്നു. സർക്കാർ വളണ്ടിയർമാരുടെ പരിശീലനവും കൊച്ചുമക്കളുടെ സഹായവുമാണ് ഈ പ്രായത്തിലും തന്നെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിലും ഡിജിറ്റൽ സാക്ഷരനാകുന്നതിലും സഹായിച്ചതെന്ന് അബ്ദുല്ല പറയുന്നു.
അതേസമയം, സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മാറുകയാണ് കേരളം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിജിറ്റൽ സാക്ഷരത സംബന്ധിച്ച് ഒന്നര കോടി ആളുകളെ സർവേയ്ക്ക് വിധേയമാക്കിയെന്നും 85 ലക്ഷം വീടുകളിൽ സർവേ നടത്തിയെന്നും തദ്ദേശമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സർവേയ്ക്ക് വിധേയമാക്കിയവരിൽ 99.98 പേരും മൂല്യനിർണയത്തിൽ വിജയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വഴി 2,57,000 വളണ്ടിയർമാർ ചേർന്നാണ് സർവേ നടത്തിയത്. നൂറ്റിയഞ്ചാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ അബ്ദുല്ല മൗലവി യഥാർത്ഥ കേരള സ്റ്റോറിയിലെ നായകനാണെന്ന് അബ്ദുല്ല മൗലവിയെ സന്ദർശിച്ച് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
Kerala makes history as the first Indian state to achieve complete digital literacy. Learn how the state achieved this milestone, powered by its dedicated volunteers.