മിൽമയുടെ കൗ മിൽക്ക് ഓണ വിപണിയിലേക്കെത്തുന്നു . ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത . ഇതോടെ ക്ഷീര സംരംഭകർക്ക് അധിക വിലയായി ഓണത്തിന് നാല് രൂപയും ലഭിക്കും.ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഓണസമ്മാനമായി 4.8 കോടി രൂപ നല്‍കുമെന്ന് ടിആര്‍സിഎംപിയു പ്രഖ്യാപിച്ചു .
മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ടാണ് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് വിപണിയിലിറക്കുന്നത് . പാലിന്റെ തനത് ഗുണമേന്മയും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പൂഷ്ടമായ ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില .

തിരഞ്ഞെടുത്ത ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിന് പാലില്‍ നിന്നും ഉണ്ടാക്കുന്ന മില്‍മ കൗ മില്‍ക്കില്‍ 3.2 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ശീതികരിച്ച് സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ മില്‍മ കൗ മില്‍ക്ക് കേടു കൂടാതിരിക്കും. നവീന പാക്കിംഗ് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വില്പന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും. മില്‍മ ഏജന്റുമാര്‍, മൊത്ത വിതരണ ഏജന്റുമാര്‍, റീ ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ലുലു- റിലയന്‍സ് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ വിതരണ ശൃംഖലകള്‍ എന്നിവര്‍ മുഖാന്തിരമായിരിക്കും മില്‍മ കൗ മില്‍ക്ക് വിതരണം നടത്തുക.
ഓണത്തോടനുബന്ധിച്ച് 2025 ജൂലൈയില്‍ സംഘങ്ങള്‍ തിരുവനന്തപുരം മേഖലാ യൂണിയനു നല്കിയ പാലളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററൊന്നിനു ആറ് രൂപ വീതം അധിക പാല്‍വില നല്‍കും. അധിക പാല്‍വിലയായി ലഭിക്കുന്ന ലിറ്ററൊന്നിന് ആറ് രൂപ നിരക്കിലുള്ള തുകയില്‍ നാല് രൂപ കര്‍ഷകനും ഒരു രൂപ സംഘത്തിനും നല്‍കും. കൂടാതെ ഒരു രൂപ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കും .
ഈ സാമ്പത്തിക വര്‍ഷം ക്ഷീര സംരംഭകർക്കായി 30 പുതിയ പദ്ധതികളാണ് മില്‍മ നടപ്പാക്കുക. വിദ്യാഭ്യാസ-ചികിത്സാ ധനസഹായം, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം, മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള പെന്ഷന് പദ്ധതി തുടങ്ങിയവ നടപ്പിലാക്കും. പെന്ഷന് പദ്ധതിയിലൂടെ പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്ക് 1000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിആര്‍സിഎംപിയു വിന് 39 കോടി രൂപയുടെ ലാഭം ലഭിച്ചു. ഈ ലാഭത്തിന്റെ 85% കര്‍ഷകര്‍ക്കായി മാറ്റിവെച്ചെന്നു ടിആര്‍സിഎംപിയു ചെയര്മാന് മണി വിശ്വനാഥ് പറഞ്ഞു .
‘മില്‍മ കൗ മില്‍ക്കിന്റെ’ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ആഗസ്റ്റ് 20, 21 തീയതികളില്‍ ടിആര്‍സിഎംപിയു സമ്മാന പദ്ധതി നടപ്പിലാക്കും. ഈ തീയതികളില്‍ വിതരണം ചെയ്യുന്ന മില്‍മ കൗ മില്‍ക്ക് 1 ലിറ്റര്‍ ബോട്ടിലില്‍ ബാച്ച്കോഡിന്റെ കൂടെ ഒരു അഞ്ചക്ക നമ്പര്‍ ഉണ്ടാകും. ഈ നമ്പറിന്റെ അടിസ്ഥാനത്തില്‍ നറുക്കെടുപ്പിലൂടെ പത്ത് സമ്മാനാര്‍ഹരെ കണ്ടെത്തും. 15000 രൂപ വീതമാണ് സമ്മാനമായി ലഭിക്കുക
Milma introduces a new 1-litre cow milk bottle to the market for Onam, offering a protein-rich option that stays fresh for three days.