സർവകലാശാലാതലത്തിൽ ആദ്യമായി സ്റ്റാർട്ടപ്പ് സഹകരണ പദ്ധതിയായ ലീപ് സെന്റർ (LEAP Centre) ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). കണ്ണൂർ സർവകലാശാലയിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ ആരംഭിച്ചിരിക്കുന്നത്. കെഎസ് യുഎമ്മിന്റെ മലബാർ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഒരുക്കുന്നതിനുള്ള മലബാർ ഇന്നൊവേഷൻ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ സർവകലാശാലയിലെ ലീപ് സെന്റർ.

വിദ്യാർത്ഥികൾക്കും ബിസിനസ്സുകൾക്കും സഹകരണപരമായ ജോലിസ്ഥലവും സംരംഭക പിന്തുണയും നൽകിക്കൊണ്ട് അക്കാഡമിക് സമൂഹത്തിനുള്ളിലെ ഇന്നൊവേഷൻ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലീപ് സെന്ററിന്റെ ലക്ഷ്യം. 75 സീറ്റുകളാണ് ലീപ് സെന്ററിലുള്ളത്. ഇതിൽ 20 എണ്ണം ഒരു കമ്പനി ബുക്ക് ചെയ്തു. ശേഷിക്കുന്ന സീറ്റുകൾ സംരംഭകർക്കു ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഒരു സീറ്റിന് പ്രതിമാസം 3000 രൂപയാണു വാടക. സ്റ്റാർട്ടപ്പുകൾക്കും വിദ്യാർഥികൾക്കും ഇതിൽ ഡിസ്കൗണ്ട് ലഭിക്കും. ഇതിനുപുറമേ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർഥികൾക്കു സാമ്പത്തിക സഹായവും 4% ഗ്രേസ് മാർക്കും 20% അറ്റൻഡൻസും ലഭിക്കും.
കഴിഞ്ഞ ദിവസം സർവകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ.കെ. സാജു ലീപ് സെന്റർ ഉദ്ഘാടനം നിർവഹിച്ചു. കെഎസ് യുഎമ്മും സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, റജിസ്ട്രാർ ഡോ. ജോബി.കെ.ജോസിന് കൈമാറി.