ആഘാതം താൽക്കാലികമാകാം.. പക്ഷെ അരി, വസ്ത്രം, ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 45% വരെ വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെയും അലോസരപ്പെടുത്താവുന്ന തീരുമാനമാണ് അങ്ങ് വാഷിംഗ്ടണിൽ ഇരുന്ന് ‍‍ഡൊണാൾഡ് ട്രംപ് എടുത്തിരിക്കുന്നത്. പക്ഷെ ആഴത്തിലും പരപ്പിലും അമേരിക്കയിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി നിൽക്കുന്ന തിരുപ്പൂരിനേയും വിശാഖപട്ടണത്തേയും കൊച്ചിയേയും സൂറത്തിനേയും ഒരു 50% നികുതിയുടെ ചെമ്പോല കൊണ്ട് എത്രനാൾ ട്രംപിന് ഭയപ്പെടുത്താനാകും? താരിഫിന്റെ പുതിയ മിസൈൽ അമേരിക്ക തൊടുക്കുന്നത് ഇന്ത്യയ്ക്ക് നേരെ ആണെങ്കിലും കൊള്ളുന്നത് ആർക്കാണ്? സാക്ഷാൽ റഷ്യക്ക്! റഷ്യയുടെ ഓയിൽ വാങ്ങുന്ന ഇന്ത്യയെ ശിക്ഷിക്കാൻ ഇറങ്ങുന്ന ഡൊണാൾഡ് ട്രംപിന് ഈ തീരുമാനത്തിന് എന്ത് വില കൊടുക്കേണ്ടി വരും?

ഇന്ത്യൻ കയറ്റുമതിക്ക് 50% നികുതി! ഇന്ത്യ പേടിച്ചോ? Can America Break India’s Textile & Spice Spirit?

പുതിയ കാലത്ത് ഒരു രാജ്യത്തെ ഉലയ്ക്കാൻ ബോംബിന്റെ ആവശ്യമില്ലെന്ന് തെളിയിക്കാനാണ്, റഷ്യയോടുള്ള വിരോധം നികുതിശിക്ഷയിലൂടെ അമേരിക്ക ഇന്ത്യയ്ക്ക് നേരെ ഉപയോഗിക്കുന്നത്. ഡിസ്ക്കൗണ്ട് റേറ്റിൽ റഷ്യയിൽ നിന്ന് ഓയിൽ വാങ്ങുന്ന ഇന്ത്യ വലിയ ലാഭം ഉണ്ടാക്കുന്നു. ന്യൂഡൽഹിയുടെ സ്വതന്ത്ര ഊർജ്ജനയം അമേരിക്കയെ ചൊടിപ്പിക്കുന്നത് ചെറുതൊന്നുമല്ല! നികുതി യുദ്ധം രാജ്യത്തിന്റെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ പകുതിയാക്കും. കുറഞ്ഞ മാർജിനിൽ കയറ്റിമതി ചെയ്തിരുന്ന ഗാർമെന്റ് MSME-കളെ സംബന്ധിച്ച് പുതിയ നികുതി ഭാരം അവരുടെ കയറ്റുമതി ലാഭം നേർത്തക്കി മാറ്റും, ഓർഡറുകൾ കുറയ്ക്കും, കമ്പനികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. പ്രത്യേകിച്ച് യുഎസ് മാർക്കറ്റ് മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളെ! അത് ഇതിനകം ബാധിച്ചുകഴിഞ്ഞിരിക്കുന്നു, തമിഴ്നാട്ടിലെ തിരൂപ്പൂരും ഗുജറാത്തിലെ സൂറത്തിലുമുള്ള ഗാർമെന്റ് കമ്പനികൾക്ക് യു.എസ്സിൽ നിന്ന് പുതിയ ഓർഡറുകളില്ല. കയറ്റുമതി ചെയ്യപ്പെടാതെ കണ്ടയിനറുകൾ പോർട്ടിൽ കിടക്കുന്നു.

കമ്പനികളുടെ ബാലൻഷീറ്റിനെ ബാധിക്കുന്ന കാര്യം മാത്രമല്ല അത്, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നതാണിത്. ഒരു അമേരിക്കക്കാരൻ അലക്കിത്തേച്ച ഒരു ഷർട്ട് എടുത്തിടുമ്പോൾ അതിന്റെ പിന്നിൽ തിരൂപ്പൂരിലെ തയ്യൽക്കാരന്റെ, അവിടുത്തെ ഡയർ തൊഴിലാളിയുടെ, പാക്ക് ചെയ്തവരുടെ, ട്രക്ക് ഡ്രൈവറുടെ എല്ലാം കയ്യൊപ്പുണ്ട്. നികുതി കൊണ്ട് അമേരിക്ക ശിക്ഷിക്കുന്നത് ഈ തൊഴിൽ ശ്രേണിയെ ആണ്.

ഇന്ത്യ എന്ത് ചെയ്യും എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിനകം യൂറോപ്യൻ യൂണിയൻ, ഗൾഫ് രാജ്യങ്ങൾ, ആസിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതിക്കുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയാകുന്നു. രാജ്യത്തിനകത്തുള്ള ആഭ്യന്തരമാർക്കറ്റിൽ എക്സ്പോർട്ട് ക്വാളിറ്റി ഉൽപ്പന്നങ്ങൾ വാങ്ങാൻ കെൽപ്പുള്ള മധ്യവർഗ്ഗം ഇന്ത്യയിൽ പ്രബലമാകുന്നത് മറ്റൊരു വിപണിസാധ്യത തുറക്കും. ചൈനയും ജപ്പാനും തുറന്ന് തരാവുന്ന കമ്പോള സാധ്യത ചർച്ചചെയ്യാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇറങ്ങുന്നു. പക്ഷെ ഇതൊന്നും വിപുലവും വിശാലവും ഉറപ്പുണ്ടായിരുന്നതുമായ അമേരിക്കൻ മാർക്കറ്റിനെ പെട്ടെന്ന പകരം വെയ്ക്കാവുന്ന ബദലുകളല്ല. അതുകൊണ്ടാണ് ആദ്യം പറഞ്ഞത്, കുറച്ചുകാലത്തേക്കുള്ള ദുരിതമാണ് ട്രംപ് വിതച്ചിരിക്കുന്നതെന്ന്. അതിൽ നമുക്ക് സാമ്പത്തികമായും വാണിജ്യമായും നഷ്ടമുണ്ട്. സമ്മതിച്ചേപറ്റൂ!

ഇന്ത്യയ്ക്ക് ഏഴര ലക്ഷം കോടിയുടെ എക്സപോർട്ട് മാർക്കറ്റാണ് അമേരിക്ക! ഇതിന് ഒരു ദിവസം കൊണ്ട് ഷട്ടറിടാൻ അമേരിക്കയ്ക്ക് പറ്റുമോ?  കുറച്ച് നാളുകളിൽക്കുള്ളിൽ 25%-ത്തിന്റെ അധിക നികുതി അമേരിക്ക പിൻവലിക്കുക തന്നെ ചെയ്യും. കാരണം അടിസ്ഥാനപരമായി ഇന്ത്യയ്ക്ക് ചുമത്തിയ അധിക നികുതിയുടെ കാരണമായി അമേരിക്ക പറയുന്ന ന്യായങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. എന്തെന്നാൽ ഇന്ത്യയേക്കാൾ റഷ്യൻ ഓയിൽ വാങ്ങുന്ന ചൈനയെ തൊടാൻ ട്രംപിന് ശക്തിയില്ല. റഷ്യൻ എണ്ണയുടെ 47 ശതമാനം വാങ്ങുന്നത് ചൈനയാണ്. ഇന്ത്യ വാങ്ങുന്നത് 37%-വും. എന്നിട്ടും ഇന്ത്യയോട്, റഷ്യയുടെ കാരണം പറഞ്ഞ് അമേരിക്ക കലിപ്പ് കാണിക്കുന്നത് എന്തുകൊണ്ടാകും? കുറച്ചുനാളായി ഇന്ത്യ വരുതിയിലല്ലെന്ന വെള്ളക്കാരന്റെ ഈഗോ. സാമന്തരാജ്യമായി, ഒരു ഏറാൻമൂളിയായി നമ്മളെ കിട്ടില്ലെന്ന കെറുവ്. നാലാം ലോക ശക്തിയായി ഉയർന്ന് വന്നതിലെ അതൃപ്തി. ആഗോള വേദിയിൽ ഇന്ത്യയ്ക്ക് കിട്ടുന്ന സ്വീകാര്യതയിലുള്ള കുശുമ്പ്! അല്ലാതെ മറ്റെന്ത്?

ഈ ദിവസങ്ങളിൽ മറ്റ് ചിലത് നിശബ്ദം നടക്കുന്നുണ്ട്! കുഴിച്ചെടുക്കുന്ന എണ്ണയ്ക്കുമപ്പുറം, മിസൈൽ സിസ്റ്റവും സ്പേസ് സംരംഭങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ രംഗത്തെ തന്ത്രപരമായ സഖ്യവും, ടെക്നോളി രംഗത്തെ സഹകരണവും മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിപ്പിക്കാനുള്ള ഓഫറാണ് റഷ്യ വെച്ചുനീട്ടിയിരിക്കുന്നത്. സാമ്പത്തികമായും ബിസിനസ്സ്പരമായും ഒരു സ്പേസ് തരാൻ ചൈന തയ്യാറാകുന്നു. സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം എന്നിവയിലായി 68 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ ജപ്പാൻ തയ്യാറായിരിക്കുന്നു. ജപ്പാന്റെ ആഴത്തിലുള്ള മൂലധന നിക്ഷേപവും സാങ്കേതിക സഹകരണവും ഇന്ത്യയുടെ വ്യാപാരം വൈവിധ്യവത്കരിക്കാനും, ഏതെങ്കിലും ഒരു വിപണിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും. അമേരിക്ക നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ട്രേഡ് നരേറ്റീവുകളെ മറികടക്കാൻ ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് ജർമ്മനി പറയുന്നു.

 ഇന്ത്യയുടെ വിദേശനയത്തെ കാതലായി പൊളിച്ചെഴുതാനും പഴയകാലത്തെ ശത്രുക്കളെ പുതിയകാലത്തിന്റെ മിത്രങ്ങളാക്കാനും മോദി അണിയറയിൽ പദ്ധതി ഒരുക്കുകയാണ്. അമേരിക്ക ഒരു വരവരച്ച് അതിൽ ആടാൻ പറഞ്ഞാൽ ആടാനും ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാനും തയ്യാറാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യ ഇല്ല, മിസ്റ്റർ ട്രംപ്! കാരണം ഇന്ത്യ തല ഉയർത്തിപ്പിടിച്ചാണ് നിൽക്കുന്നത്. കഴിഞ്ഞകാലമെല്ലാം മറന്നും, തോളിലിട്ട സൗഹൃദത്തിന്റെ കൈ തട്ടിക്കളഞ്ഞും ഇന്ത്യക്കു തീരുവ ശിക്ഷ വിധിച്ച  അമേരിക്കയോട് ഒരു വാക്ക്! വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ…

Donald Trump’s 50% tariff on Indian goods raises questions about its impact on India’s exports and its geopolitical motives concerning Russia.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version