വിദേശത്തുനിന്നും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്കിൽഡ് പ്രൊഫഷണലുകൾ സംസ്ഥാനത്തേക്ക് വൻ തോതിൽ തിരിച്ചെത്തുന്നതായി റിപ്പോർട്ട്. നൈപുണ്യകേരളം ആഗോള ഉച്ചകോടിയുടെ (Skill Kerala Global Summit) ഭാഗമായി പുറത്തിറക്കിയ ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ടിലാണ് (LinkedIn Talent Insights report) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ചുവരുന്ന പ്രൊഫഷനലുകളിൽ വലിയ ശതമാനം ആളുകളും കേരളത്തിൽ സംരംഭക മേഖലയിലേക്ക് കടക്കുന്നവരാണ് എന്ന സവിശേഷതയുമുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎഇയിൽ നിന്ന് മാത്രം 9800ലധികം പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സൗദി അറേബ്യ, യുകെ എന്നിവിടങ്ങളിൽ നിിന്നും 1600ലധികം പ്രൊഫഷണലുകൾ വീതവും കേരളത്തിലേക്ക് മടങ്ങി. ഖത്തറിൽനിന്ന് 1400ലധികം പേരും അമേരിക്കയിൽനിന്ന് 1200ലധികം പേരും കേരളത്തിലേക്ക് മടങ്ങിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തിൽ മടങ്ങിയെത്തിയ പ്രൊഫഷനലുകളിൽ ഭൂരിഭാഗവും ഐടി, ആരോഗ്യ സംരക്ഷണം, ടൂറിസം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഉള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ ടാലന്റ് പൂൾ 172 ശതമാനം വളർച്ച നേടി. ഇതോടെ കേരളം രാജ്യത്തെ ഒൻപതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി മാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
A new report shows a significant increase in skilled professionals returning to Kerala, especially from Gulf nations, with many becoming entrepreneurs.