സ്റ്റാർട്ടപ്പ് വിന്‍മാക്സ് ബയോടെക്കിലൂടെ (Vinmax) രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ ദൗത്യങ്ങള്‍ക്ക് പുതിയൊരു അധ്യായം കുറിയ്ക്കുകയാണ്. ജൈവസാങ്കേതിക മേഖലയിലെ ബ്രിക്-ആര്‍ജിസിബി ( Institute of Biotechnology Research and Innovation Council (BRIC) – RGCB ) യുടെ നൂതന ഗവേഷണ ഫലങ്ങള്‍ ആരോഗ്യസംരംക്ഷണ ഉത്പന്നങ്ങളായി വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പായ വിന്‍മാക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് കിന്‍ഫ്ര കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

മുറിവുകള്‍ക്കും ടിഷ്യു എഞ്ചിനീയറിംഗിനുമുള്ള നൂതന വസ്തുക്കളുടെ വികസനം, പ്രമേഹ-പൊള്ളല്‍ മുറിവുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഓയിന്റ്മെന്റുകളുടേയും സ്പ്രേകളുടേയും ഉത്പാദനം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വിന്‍മാക്സ് ബയോടെക് പ്രവര്‍ത്തിക്കുക. നൂതന ഓര്‍ഗനോയിഡ് അധിഷ്ഠിത മരുന്നുകളുടെ വികസനവും സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നു. ബയോടെക് വ്യവസായത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സഹായകമായ ബ്രിക്-ആര്‍ജിസിബി യുടെ നവീകരണ പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലാണ് വിന്‍മാക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്.
ബ്രിക്-ആര്‍ജിസിബി ശാസ്ത്രജ്ഞന് ഡോ. ജി.എസ്. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് വിന്‍മാക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ നിര്‍വഹിച്ചു.
ആര്‍ജിസിബി യിലെ ശാസ്ത്രജ്ഞരുടെ സംരംഭകത്വവും അത്യാധുനിക ഗവേഷണ ഫലങ്ങളുടെ വാണിജ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്രിക്-ആര്‍ജിസിബി യുടെ പ്രതിബദ്ധതയുടെ തെളിവാണ് വിന്‍മാക്സ് ബയോടെക് സ്റ്റാര്‍ട്ടപ്പെന്ന് പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
വിന്‍മാക്സ് ബയോടെക്കിന് ബ്രിക്-ആര്‍ജിസിബി യില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ ഡോ. വിനോദ്കുമാര്‍ നൂതന ജൈവസാങ്കേതികവിദ്യയിലൂടെ ആരോഗ്യസംരക്ഷണ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ വിന്‍മാക്സ് ബയോടെക് ലക്ഷ്യമിടുന്നെന്നും കൂട്ടിച്ചേര്‍ത്തു.
BRIC-RGCB’s new startup, Vinmax Biotech, launched at Kinfra, will focus on developing innovative treatments for burns, diabetic wounds, and tissue engineering.