ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതിനായി ആഫ്രിക്കൻ രാജ്യമായ സിംബാബ്വവേയുമായി കരാറിൽ ഏർപ്പെട്ട് കെൽട്രോൺ (Kerala State Electronic Development Corporation-Keltron). കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവും സിംബാബ്വേ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോഡിയും (Rajesh Kumar Indukant Modi) ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി പർച്ചേസ് ഓർഡർ കൈമാറി.

ആദ്യഘട്ടത്തിൽ കെൽട്രോണിന്റെ ലാപ് ടോപ്പുകളുടെ (Coconics) വിതരണ – നിർമാണത്തിനായുള്ള പർച്ചേസ് ഓർഡർ ആണ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ കൈമാറിയത്. ഭാവിയിൽ കെൽട്രോണിന്റെ മറ്റ് ഉത്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, വിജ്ഞാന സേവനങ്ങൾ തുടങ്ങിയവയും സിംബാബ്വേയിൽ ലഭ്യമാക്കും.
ഇത്തരമൊരു സഹകരണം സാധ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആദ്യ ധാരണപ്രകാരം 3,000 ലാപ്ടോപ്പുകൾ കെൽട്രോൺ പ്രത്യേകം നിർമിച്ചുനൽകും. സിംബാബ്വേയിൽ നൈപുണ്യ വികസന കേന്ദ്രവും നോളജ് ഷെയറിങ് സെന്ററും അസംബ്ലിങ് യൂണിറ്റും സ്ഥാപിക്കാനും കെൽട്രോൺ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് മേഖലയ്ക്ക് പ്രത്യേക ഊന്നലാണ് സർക്കാർ നൽകുന്നതെന്നും കെൽട്രോണിന്റെ നേതൃത്വത്തിൽ ഈ രംഗത്ത് നിർണായകമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala’s Keltron has signed an agreement with Zimbabwe to supply and manufacture Coconics laptops, with future plans for other electronic products and services.