തിരുവനന്തപുരത്തുകാർക്ക് ഓണത്തോടു എത്ര അടുപ്പമുണ്ടോ അത്രയുമുണ്ട് മഞ്ഞ നിറത്തിലുള്ള ബോളിയോടും. തിരുവനന്തപുരത്തുകാർക്കു സദ്യയുടെ അവിഭാജ്യഘടകമാണ് ബോളി. ബോളിയില്‍ ഇത്തിരി പാലടയോ പാല്പായസമോ വിളമ്പി കഴിക്കുമ്പോളാണ് സദ്യ കഴിച്ചു അവസാനിപ്പിച്ചതായി ഒരു ഫീൽ ലഭിക്കുക. ഓണത്തിന് മാത്രമല്ല തിരുവനന്തപുരത്തു വിശേഷാവസരങ്ങളിലെ സദ്യകൾക്കെല്ലാം നല്ല നെയ്ബോളിയുണ്ടാകും. അപ്പോൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഈ ബോളിക്ക് പിന്നിലെ കരവിരുത് ഏതാനും വനിതാ സംരംഭകരുടേതാണ്.

തിരുവനന്തപുരത്തുകാരുടെ ബോളിപ്രേമം ഇപ്പോൾ മറ്റു ജില്ലക്കാരും അന്യ സംസ്ഥാനക്കാരുമൊക്കെ ഏറ്റെടുക്കുന്നുണ്ട്. പലഹാരങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്ന നിരവധി സംരംഭകർക്കും ബോളി ഉണ്ടാക്കൽ അഭിമാനത്തിന്റെ കൂടി ഭാഗമാണ്. കാരണം അമ്പിളി വട്ടത്തിൽ മഞ്ഞ നിറത്തിലിരിക്കുന്ന നെയ് ബോളിയുണ്ടാക്കാൻ പണിയൊരല്പം കൂടും.
ഡിമാൻഡ് കൂടിയതോടെ തിരുവനന്തപുരത്തിന്റെ ബോളിക്ക് വിലയും വർധിച്ചിട്ടുണ്ട്. എങ്കിലും തലസ്ഥാനം കാണാനെത്തുന്ന ടൂറിസ്റ്റുകളടക്കം ഇവിടത്തെ ബോളി രുചിച്ചു നോക്കാതെ മടങ്ങില്ല. ബോളിയുണ്ടാക്കാനുള്ള നെയ്യടക്കം അസംസ്കൃത വസ്തുക്കളുടെ വില കൂടിയത് വിപണിക്ക് ഓണകാലത്തു ഒരൽപം മങ്ങലേൽപ്പിച്ചിട്ടുണ്ട്. എങ്കിലും വീടുകളിൽ സദ്യക്ക് ബോളിക്കുള്ള ഡിമാൻഡ് മുൻനിർത്തി ഉത്പാദനം കുറഞ്ഞിട്ടുമില്ല. മൈദ മാവ്, മഞ്ഞള്‍ പൊടി, ഏലയ്ക്കാ പൊടി, പഞ്ചസാര, കടലപ്പരിപ്പ് , നെയ്യ് എന്നിവയാണ് ബോളിയുണ്ടാക്കാൻ വേണ്ടത് .

അഞ്ചോളം മുൻനിര ബ്രാൻഡുകൾ ഗുണനിലവാരമുള്ള നെയ് ബോളി തയാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്. പദ്മനാഭ സ്വാമിക്ഷേത്രത്തിനു മുന്നിൽ ബോളി മാത്രം വിൽക്കുന്ന മൂന്നിലേറെ സംരംഭക കേന്ദ്രങ്ങളുണ്ട്. ഇവിടെയെത്തുന്ന ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കേന്ദ്രങ്ങളിലെ ബോളി. നാല് ദിവസത്തെ ഓണാഘോഷത്തിൽ തിരുവോണത്തിന് പുറമെ ഒരു ദിവസമെങ്കിലും സദ്യക്ക് പാല്പായസത്തിനൊപ്പം ബോളി ഉറപ്പാക്കുന്നതിൽ മാത്രം തിരുവനന്തപുരത്തുകാർ പിന്നോട്ടു പോകില്ല.
ഓണത്തിന് ഒരു ദിവസമെങ്കിലും തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ബോളിയുണ്ടാക്കാൻ ശ്രമിക്കാം.
അതിനു ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്.
മൈദ മാവ്- 1 കിലോഗ്രാം
മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
ഏലയ്ക്കാ പൊടി- 4 ടീസ്പൂണ്‍
പഞ്ചസാര – 500 ഗ്രാം
കടലപ്പരിപ്പ്- 600 ഗ്രാം
നെയ്യ്- 100 ഗ്രാം
തയ്യാറാക്കുന്ന വിധം
മൈദമാവിലേക്ക് പഞ്ചസാരയും അല്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുറച്ച് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തില്‍ നന്നായി കുഴച്ച് എടുക്കണം. കുഴച്ച് പരുവമായ മാവിലേക്ക് മാവ് മുങ്ങിനില്ക്കാന് പാകത്തില്‍ നെയ്യ് ഉരുക്കി ചേര്‍ക്കണം. ഈ മാവ് അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ മൂടി വയ്ക്കണം. അതിനു ശേഷം ചപ്പാത്തി മാവിനെക്കാള്‍ അല്പം വലുപ്പത്തില്‍ ഉരുളകളാക്കി വയ്ക്കണം. മൈദമാവും അരിപ്പൊടിയും ഓരോ ടേബിള്‍ സ്പൂണ്‍ എടുത്ത് സമം ചേര്‍ത്ത് പ്ലാസ്റ്റിക്ക് ഷീറ്റിലോ ബട്ടര്‍ പേപ്പറിലോ വിതറിയ ശേഷം വേണം ഉരുളകള്‍ വച്ചാല്‍ അവ ഒട്ടി പിടിക്കില്ല.
കടലപ്പരിപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കണം. വെന്ത് ഉടഞ്ഞ് പോകുന്നതിന് മുന്‍പ് വെള്ളം ഊറ്റിക്കളത്ത് മറ്റൊരു പാനിലേക്ക് മാറ്റണം. ഈ പാനിലേക്ക് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഉടച്ച് കുറുക്കി എടുക്കണം. കുറുകിയ പൂര്‍ണ്ണം ചൂട് മാറിയ ശേഷം നന്നായി അരച്ച് കട്ടയില്ലാതെ എടുക്ക് ഉരുളകളാക്കി മാറ്റി എടുക്കണം. ഉരുളകളാക്കി മാറ്റിയ പൂര്‍ണ്ണം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൈദ ഉരുളകളുടെ നടുക്ക് വച്ച് പൊട്ടി പോകാതെ പരത്തി എടുക്കണം. പരത്തി എടുത്ത മാവ് ചൂടായ കല്ലിലേക്ക് ഇട്ട് നെയ്യ് തടവി രണ്ട് സൈഡും ചുവന്ന നിറം ആകുന്നത് വരെ ചുട്ട് എടുക്കണം. നെയ് ബോളി തയാർ.