ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. മുംബൈ–അഹമ്മദാബാദ് പാതയിൽ 508 കിലോമീറ്റർ ദൂരം വെറും 2 മണിക്കൂറിൽ മറികടക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മണിക്കൂറിൽ 308 കിലോമീറ്റർ വേഗത കൈവരിക്കുന്ന ട്രെയിൻ, രാജ്യത്തെ യാത്രാസൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും. എങ്കിലും, ഹൈസ്പീഡ് ട്രെയിനുകൾ പാളം തെറ്റുമോ എന്ന സംശയം പലർക്കും ഉയർന്നിരുന്നു. ബുള്ളറ്റ് ട്രെയിനുകളുടെ സുരക്ഷാ നിലവാരം സാധാരണ ട്രെയിനുകളേക്കാൾ ഏറെ മികച്ചതെന്നാണ് വിദഗ്ധർ ഇതിനു നൽകുന്ന മറുപടി. ജപ്പാനിലെ ഷിങ്കൻസൻ സർവീസ് 1964ൽ ആരംഭിച്ചതിനുശേഷം യാത്രക്കാരുടെ മരണത്തിൽ കലാശിച്ച അപകടം ഒരിക്കലും ഉണ്ടായിട്ടില്ല.

2027ഓടെ ഇന്ത്യയിലെ പദ്ധതി വ്യാപാരാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ, ജപ്പാന്റെ E10 ഷിങ്കൻസൻ ട്രെയിനുകളാണ് വിന്യസിക്കുന്നത്. ഭൂകമ്പങ്ങൾ, ശക്തമായ കാറ്റ്, മഴ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ വരെ സുരക്ഷയെ ബാധിക്കാതിരിക്കാനായി Urgent Earthquake Detection and Alarm System (URDAS) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
1950കളിൽ തന്നെ എഞ്ചിനീയർമാർ ഹൈസ്പീഡ് അപകടസാധ്യതകൾ കുറയ്ക്കാൻ എയർ സ്പ്രിംഗ് സസ്പെൻഷൻ സിസ്റ്റം രൂപകൽപ്പന ചെയ്തിരുന്നു. ഇതിലൂടെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹൈസ്പീഡ് റെയിൽ ശൃംഖല ജപ്പാന് സ്ഥാപിക്കാൻ കഴിഞ്ഞു. വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി രാജ്യത്തെ ഏറ്റവും സുരക്ഷിതവും ആധുനികവുമായ ഗതാഗത മാർഗങ്ങളിലൊന്നായി മാറുമെന്നാണ് കണക്കുകൂട്ടൽ.