വനിതാ സംരംഭകരെ ശാക്തീകരിച്ച് സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ (Ministry of Micro, Small and Medium Enterprises) ‘ഉദ്യം സഖി’ പോർട്ടൽ (Udyam Sakhi Portal, https://udyamsakhi.com). രാജ്യത്തുടനീളമുള്ള വനിതാ സംരംഭകർക്ക് ബിസിനസുകൾ ആരംഭിക്കാനും, കെട്ടിപ്പടുക്കാനും, വികസിപ്പിക്കാനും സഹായകമാകുന്ന തരത്തിലാണ് ഉദ്യം സഖി പോർട്ടലിന്റെ പ്രവർത്തനമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെ രാജ്യസഭയിൽ സംസാരിക്കവേ പറഞ്ഞു. 2018ൽ ₹43.52 ലക്ഷം ചിലവഴിച്ച് വികസിപ്പിച്ച പോർട്ടലിൽ ഇതുവരെ 4,535 സ്ത്രീകൾ റജിസ്റ്റർ ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

വനിതാ സംരംഭകർക്ക് പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP), ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (CGTMSE), മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി (MUDRA), ട്രേഡ് റിസീവബിൾസ് ഇ-ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS) തുടങ്ങിയ വിവിധ സാമ്പത്തിക പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏകജാലക ഉറവിടമായി ഉദ്യം പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു. ഇതോടൊപ്പം പോർട്ടൽ വഴി സംസ്ഥാനങ്ങളിലുടനീളമുള്ള MSME മന്ത്രാലയത്തിന്റെ നോഡൽ ഓഫീസുകളുടെയും പിന്തുണയ്ക്കുന്ന സംഘടനകളുടെയും വിശദാംശങ്ങളും ലഭ്യമാക്കുന്നു. കൂടാതെ വിവിധ പ്രോഗ്രാമുകൾ, ബിസിനസ് പ്ലാൻ തയ്യാറാക്കൽ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും പോർട്ടൽ നൽകുന്നു-മന്ത്രി പറഞ്ഞു.