വിൽപത്രത്തിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് (Neymar) സ്വത്തുക്കൾ എഴുതിവെച്ച് ശതകോടീശ്വരൻ. അടുത്തിടെ അന്തരിച്ച ബില്യണെയറാണ് 846 മില്യൺ പൗണ്ട് (ഏകദേശം ₹10,077 കോടി) മൂല്യമുള്ള സ്വത്തുക്കൾ നെയ്മറിന്റെ പേരിൽ എഴുതിവെച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രസീലുകാരനായ ഈ ശതകോടീശ്വരന് ഭാര്യയോ മക്കളോ ഇല്ല. വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്രസീലിലെ പോർട്ടോ അലേഗ്രോ നഗരത്തിൽ ജൂൺ 12നാണ് വിൽപത്രം തയ്യാറാക്കിയത്. നെയ്മറിന് സ്വന്തം പിതാവ് നെയ്മർ സീനിയറുമായുണ്ടായിരുന്ന ബന്ധം മരിച്ചുപോയ തന്റെ പിതാവിനെ ഓർമിപ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് കോടീശ്വരൻ സ്വത്തുകൾ നെയ്മറിന് എഴുതിവെച്ചിരിക്കുന്നത്.

അതേസമയം, വിഷയത്തിൽ ഇതുവരെ നെയ്മർ പ്രതികരിച്ചിട്ടില്ല. ഇത്രയും വലിയ മൂല്യമുള്ള സ്വത്ത് കൈമാറ്റം നിയമപ്രശ്നങ്ങൾക്കിടയാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുള്ളതിനാൽ, ക്ലിയറൻസ് ലഭിച്ചാലേ താരത്തിന് പണം ലഭിക്കുകയുള്ളൂ.
ലാ ലീഗയിൽ ബാർസലോണയ്ക്കും (FC Barcelona), ലീഗ് 1ൽ പിഎസ്ജിയ്ക്കുമായി (Paris Saint Germain) കളിച്ച നെയ്മർ നിലവിൽ ബ്രസീലിയൻ ക്ലബ് സാന്റോസിനുവേണ്ടിയാണ് (Santos) ബൂട്ടണിയുന്നത്.