കേരളത്തിന് ഓണസമ്മാനമായി 16.95 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം (Vizhinjam international port). ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ രണ്ടാമത്തെ ഡ്രാഫ്റ്റ് കൂടിയ കപ്പൽ എംഎസ് സി വിർജിനിയ (MSC Virginia) കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടത്.
അദാനി മുന്ദ്ര തുറമുഖത്തു (Mundra Port) നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16 മീറ്റർ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടു മുതൽ കടൽ നിരപ്പ് വരെയുള്ള ഉയരം). ഏതാണ്ട് 5000 ടിഇയു ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത ശേഷമാണ് ഡ്രാഫ്റ്റ് 16.95 ആയി വർധിച്ചത്.

ഇതിനു മുൻപു 16.8 മീറ്റർ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കപ്പൽ. ഇതുവരെ 16.5 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റ് ഉള്ള 17 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. 18 മീറ്റർ മുതൽ 20 മീറ്റർ വരെ സ്വഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി ആഗോള മാരിടൈം മേഖലയ്ക്കു മുന്നിൽ തെളിയിക്കാൻ ഇതോടെ കഴിഞ്ഞു.