മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി. സുദർശൻ റെഡ്ഡിയും തമ്മിലാണ് രാജ്യത്തിന്റെ 15ആമത് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറിനാണ് വോട്ടെണ്ണൽ. രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയാണ് ഇത്തവണത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയായ സി.പി. രാധാകൃഷ്ണൻ നിലവിൽ മഹാരാഷ്ട്രാ ഗവർണറാണ്. ഒബിസി വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവായ അദ്ദേഹം 1998ലും 1999ലും കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി മുൻ ജഡ്ജിയായിരുന്ന ബി. സുദർശൻ റെഡ്ഡി തെലങ്കാന സ്വദേശിയാണ്. പ്രതിപക്ഷത്തിന്റ സംയുക്ത സ്ഥാനാർത്ഥിയായ മത്സരിക്കുന്ന അദ്ദേഹം നിരവധി സുപ്രധാന വിധികളിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ ശ്രദ്ധേയനായിരുന്നു.
245 രാജ്യസഭാ എംപിമാരും 543 ലോക്സഭാ എംപിമാരും ഉൾപ്പെടെ 788 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കൊളേജിൽ ഉൾപ്പെടുന്നത്. നിലവിൽ രാജ്യസഭയിൽ ആറും ലോക്സഭയിൽ ഒരു സീറ്റും ഒഴിവുള്ളതിനാൽ 781 പേരാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്. ബിജു ജനതാദൾ, ഭാരത് രാഷ്ട്ര സമിതി എന്നിവ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വോട്ട് ചെയ്യുന്ന എംപിമാരുടെ എണ്ണം 770 ആയി ചുരുങ്ങും. ഈ കണക്ക് വെച്ച് നോക്കുമ്പോൾ 386 വോട്ടുകൾ ലഭിച്ചാൽ ഭൂരിപക്ഷം നേടാനാകും.
കഴിഞ്ഞ തവണ ജഗ്‌ദീപ് ധൻഖറിന് ലഭിച്ച ചരിത്ര ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെങ്കിലും, നിലവിൽ 425 എംപിമാരുള്ള എൻഡിഎക്ക് സാഹചര്യങ്ങൾ അനുകൂലമാണ്. അതേസമയം, ഇരുസഭകളിലുമായി 324 വോട്ടുകളാണ് പ്രതിപക്ഷത്തിനുള്ളത്.