ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സമാധാനം തകർക്കരുതെന്നും സംയമനം പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നയതന്ത്രത്തിന്റെ വഴി തേടണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസന്തുഷ്ടനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ അനൂലിക്കുന്നില്ലെന്നും എന്നാൽ ബന്ദികളെ തിരികെ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യുഎസ് വൃത്തങ്ങൾ പ്രതികരിച്ചു. യുഎസ്സുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ഖത്തറിൽ ആക്രമണം നടത്തിയത് ട്രംപും അമേരിക്കൻ ഭരണകൂടവും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്രയേലുമായുള്ള യുഎസ്സിന്റെ ബന്ധത്തിനു തന്നെ ആക്രമണത്തോടെ വിള്ളൽ തട്ടിയേക്കും എന്നും റിപ്പോർട്ടുണ്ട്.
വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിരുന്നു. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്ന് നേരത്തെ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുഎസ് ഇക്കാര്യം നിഷേധിച്ചു. അതേസമയം ആക്രമണത്തെ റഷ്യ, ഫ്രാൻസ്, യുകെ അടക്കമുള്ള ലോകരാജ്യങ്ങൾ അപലപിച്ചു. സൗദിയും യുഎഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
India is deeply concerned by recent Israeli strikes in Qatar targeting Hamas leaders, urging restraint and a return to diplomacy in the region.